തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കേരളത്തിന്റെ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘം എത്തി. ഓഖി ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സന്ദര്‍ശനം നാല് ദിവസം നീണ്ട് നില്‍ക്കും.

സന്ദര്‍ശനത്തിന് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക. 7340 കോടിയുടെ സമഗ്ര പാക്കേജാണ് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുളളത്. തിരുവനന്തപുരം-കൊല്ലം മേഖല, ആലപ്പുഴ-എറണാകുളം മേഖല, തൃശ്ശൂർ-മലപ്പുറം മേഖല എന്നിങ്ങനെയാണ് ദുരന്തബാധിതപ്രദേശങ്ങളെ തിരിച്ചിരിക്കുന്നത്. ഓരോ ജില്ലകളിലുമെത്തുന്ന സംഘത്തിനൊപ്പം അതാത് ജില്ലാ കലക്ടര്‍മാരുമുണ്ടാകും. വെള്ളിയാഴ്ച വരെ നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സംഘം എത്തുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്രസംഘം ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത്. നഷ്ടപ്പെട്ടതും കേടുപാട് പറ്റിയതുമായ ബോട്ടുകളുടെ കണക്ക്, തകര്‍ന്ന വീടുകള്‍, നഷ്ടപ്പെട്ട് പോയ മൽസ്യബന്ധന ഉപകരണങ്ങള്‍ തുടങ്ങി ഓഖിയുമായി ബന്ധപ്പെട്ട എല്ലാ നാശനഷ്ടങ്ങളും സംഘം വിലയിരുത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.