തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലെ ദുരിതം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം കേന്ദ്രത്തിന് മുമ്പില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നു. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് അടിയന്തരമായി പരിഗണിച്ച് ദുരിതാശ്വാസപദ്ധതി പ്രഖ്യാപിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാഗ്‌ദാനം. എന്നാല്‍ റിപ്പോര്‍ട്ട് വൈകിയതോടെ സഹായധനം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

നിലവില്‍ അടിയന്തരസഹായം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകളിലെ അവ്യക്തത തുടരുന്നതും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് വൈകുന്നതിന് കാരണമാവുന്നുണ്ട്. 58 മലയാളികള്‍ മരിച്ചതായാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നത്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച കണക്കില്‍ 75 പേര്‍ മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മൽസ്യബന്ധനത്തിന് പോയ തമിഴ്നാട് സ്വദേശികളുടേത് കൂടി ഉള്‍പ്പെട്ട കണക്കാണോ കേന്ദ്രത്തിന് സമര്‍പ്പിച്ചതെന്ന് വ്യക്തമല്ല.

കഴിഞ്ഞ മാസം 26 നാണ് നാല് ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്രസംഘം സംസ്ഥാനത്തെത്തിയത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് വേണം കേന്ദ്രസഹായം പ്രഖ്യാപിക്കപ്പെടേണ്ടതെന്നിരിക്കെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ കേന്ദ്രസഹായം വൈകുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ