തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ പെട്ട് കാണാതായവരെ കണ്ടെത്തുന്നതിനായി കപ്പലുപയോഗിച്ചുള്ള തിരച്ചിൽ പത്ത് ദിവസം കൂടി തുടരണമെന്ന് സർക്കാ‌ർ നിർദേശം നൽകി. കോസ്‌റ്റ്ഗാർഡ്, വ്യോമ- നാവികസേന എന്നിവരോട് ഇക്കാര്യം സർക്കാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കോസ്റ്റ് ഗാർ‌ഡിനും സേനാവിഭാഗങ്ങൾക്കും ചീഫ് സെക്രട്ടറി സന്ദേശമയച്ചു.

ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായവരെ കണ്ടെത്താൻ തിരച്ചിൽ ഇനിയും ശക്തമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ വ്യക്തമാക്കിയിരുന്നു. തിരച്ചിൽ പ്രവർത്തനങ്ങളിൽ ചില പ്രയാസങ്ങൾ നേരിടുന്നതായി നാവികസേന അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കാണാതായ അവസാന ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പറഞ്ഞിരുന്നു. തിരച്ചിൽ നിർത്തരുതെന്ന് നാവികസേനയോട് ആവശ്യപ്പെടുമെന്നും എത്രപേരെ കണ്ടുകിട്ടാനുണ്ട് എന്നതിന്‍റെ കണക്ക് സംബന്ധിച്ച് ലത്തീൻ സഭയുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ