തിരുവന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ 11 ബോട്ടുകളെ കുറിച്ചുളള വിവരം ഇതുവരെയും അറിവായില്ല. 119 തൊഴിലാളികളാണ് ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നത്. കൊച്ചി തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടുകളുടെ മാത്രം കണക്കാണിത്‍.

11 ബോട്ടുകളില്‍ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം തമിഴ്നാട്ടില്‍ നിന്നുള്ളവയാണ്. അന്ന, മാതാ രണ്ട്, സൈമ സൈബ എന്നിവയാണ് മലയാളികളുടെ ഉടമസ്ഥതയിലുള്ള ബോട്ടുകള്‍. ഇവയില്‍ മാത്രം 30 മത്സ്യത്തൊഴിലാളികളാണുള്ളത്. മറ്റ് ബോട്ടുകളിലായി 89 മത്സ്യത്തൊഴിലാളികളും. ഇതില്‍ 7 ബോട്ടുകളും തകര്‍ന്നതായാണ് മത്സ്യത്തൊഴിലാളികളുടെ നിഗമനം.

മരിച്ചവരുടെ 3 മൃതദേഹങ്ങള്‍ കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞിട്ടുണ്ട്. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച കന്യാകുമാരി വിളവന്‍കോട് ചിന്നത്തുറ ജൂഡ് കോളനിയിലെ ക്ലീറ്റസ് (53), ശ്രീചിത്ര മോര്‍ച്ചറിയില്‍ സൂക്ഷിച്ച തമിഴ്നാട് അഗസ്തീശ്വരം കോവില്‍ സ്ട്രീറ്റ് സ്വദേശി മൈക്കിള്‍ അമീന്‍ (37), ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച പൂവാര്‍ വാറുവിളത്തോപ്പ് സ്വദേശി പനിദാസന്‍ (63) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ ശനിയാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങും.

മെഡിക്കല്‍ കോളേജില്‍ 3 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ ഒരു മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 2 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഇതുവരെ 19 പേരെയെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. ഒരാള്‍ ആശുപത്രിയില്‍ വച്ച്‌ മരണമടഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ