ആലപ്പുഴ: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ ഒരാളുടെ മൃതദേഹം ലഭിച്ചു. മറൈൻ എൻഫോഴ്സ്മെന്റിന്റെ തെരച്ചിലിൽ ആലപ്പുഴ തീരത്തുനിന്നുമാണ് മൃതദേഹം ലഭിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഓഖി ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 31 ആയി.
കാണാതായ മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന ഒരു ബോട്ട് ഗോവൻ തീരത്തെത്തിയിരുന്നു. തമിഴ്നാട്ടിലെ പട്ടണത്തിൽ നിന്നും പുറപ്പെട്ട ബോട്ടാണ് ഗോവൻ തീരത്തെത്തിയത്. ഏഴ് മലയാളികളും, രണ്ട് തമിഴ്നാട്ടുകാരും ആറ് ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുള്ളതെന്നാണ് വിവരം. മലയാളികളെല്ലാം വിഴിഞ്ഞം സ്വദേശികളാണെന്നും വിവരമുണ്ട്.
കാണാതായ 516 മത്സ്യ തൊഴിലാളികൾ ഗുജറാത്തിലും എത്തിയിരുന്നു. രൂക്ഷമായ കടൽക്ഷോഭത്തിൽപ്പെട്ട 40 ഓളം ബോട്ടുകളാണ് ഗുജറാത്ത് തീരത്ത് എത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കൊല്ലം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ഗുജറാത്ത് തീരത്ത് സുരക്ഷിതരായി എത്തിയിട്ടുള്ളത്. ഇന്ത്യൻ കോസ്റ്റ്ഗാർഡാണ് തൊഴിലാളികൾ സുരക്ഷിതരാണെന്ന് അറിയിച്ചത്.