തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കുടുങ്ങിയവരിൽ ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി രതീഷ് ആണ് മരിച്ചത്. രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 5.30ഓടെയാണ് മരണം സംഭവിച്ചത്. ഇതോടെ ഓഖിയിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 32 ആയി.

ഇന്നലെ രാത്രിയിലും ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചിരുന്നു. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ തി​ര​ച്ചി​ലി​ൽ ആ​ല​പ്പു​ഴ തീ​ര​ത്തു​നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. അതേസമയം, ഇന്നലെ രാത്രി വൈകി നാല് പേർ വിഴിഞ്ഞത്ത് തിരിച്ചെത്തിയത് വലിയ ആശ്വാസമായി.

കാണാതായ മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന ഒരു ബോട്ട് ഗോവൻ തീരത്തെത്തിയിരുന്നു. തമിഴ്‌നാട്ടിലെ പട്ടണത്തിൽ നിന്നും പുറപ്പെട്ട ബോട്ടാണ് ഗോവൻ തീരത്തെത്തിയത്. ഏഴ് മലയാളികളും, രണ്ട് തമിഴ്‌നാട്ടുകാരും ആറ് ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുള്ളതെന്നാണ് വിവരം. മലയാളികളെല്ലാം വിഴിഞ്ഞം സ്വദേശികളാണെന്നും വിവരമുണ്ട്.

കാണാതായ 516 മത്സ്യ തൊഴിലാളികൾ ഗുജറാത്തിലും എത്തിയിരുന്നു. രൂക്ഷമായ കടൽക്ഷോഭത്തിൽപ്പെട്ട 40 ഓളം ബോട്ടുകളാണ് ഗുജറാത്ത് തീരത്ത് എത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കൊല്ലം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ഗുജറാത്ത് തീരത്ത് സുരക്ഷിതരായി എത്തിയിട്ടുള്ളത്. ഇന്ത്യൻ കോസ്റ്റ്ഗാർഡാണ് തൊഴിലാളികൾ സുരക്ഷിതരാണെന്ന് അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ