തിരുവന്തപുരം: പാർശ്വവൽക്കരിക്കപ്പെട്ട ജനതയോടു ചേർന്നു നിന്നും അവരെ ഉൾക്കൊണ്ടും വേണം ക്രിസ്മസ് ആഘോഷിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത ഈ ഘട്ടത്തിൽ ആ ദുരന്തമനുഭവിച്ച സഹോദരങ്ങളോട് ചേർന്നു നിന്നു കൊണ്ടാവട്ടെ, ഈ വർഷത്തെ നമ്മുടെ ക്രിസ്മസെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മനുഷ്യത്വത്തിന്റെ മഹത്വമാർന്ന മൂല്യങ്ങൾ നിലനിർത്താനും ശക്തിപ്പെടുത്താനുമുളള സന്ദർഭമാവണം ക്രിസ്മസ്. ഒരു വേർതിരിവും കൂടാതെ മനുഷ്യരെയാകെ സ്നേഹിച്ചു യേശു ക്രിസ്തു. എല്ലാ വിഭാഗീയതകൾക്കും അതീതമായി മനുഷ്യ മനസുകളാകെ ഒരുമിക്കുമ്പോഴാണ് ക്രിസ്തു സന്ദേശം സഫലമാവുക. ഏറ്റവും എളിയവരോടും സമൂഹം ഭ്രഷ്ടു കല്പിച്ചവരോടും ഒപ്പമായിരുന്നു എന്നും എപ്പോഴും യേശു’, മുഖ്യമന്ത്രി വ്യക്തമാക്കി.

‘പാർശ്വവൽക്കരിക്കപ്പെട്ട ജനതയോടു ചേർന്നു നിന്നും അവരെ ഉൾക്കൊണ്ടും വേണം ക്രിസ്മസ് ആഘോഷിക്കേണ്ടത്. നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്ന യേശുവിന്റെ വാചകം മനസ്സിലുണ്ടാവണം. വിശക്കുന്നവരെ കുറിച്ചു കരുതലുണ്ടാവണം. അവരെ ഊട്ടാൻ മനസുണ്ടാവണം. ഓഖി ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത ഈ ഘട്ടത്തിൽ ആ ദുരന്തമനുഭവിച്ച സഹോദരങ്ങളോടു ചേർന്നു നിന്നു കൊണ്ടാവട്ടെ, ഈ വർഷത്തെ നമ്മുടെ ക്രിസ്മസ്. എല്ലാവർക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ