തിരുവനന്തപുരം: ഓഖി ദുരത്തെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ നല്‍കുന്നത് വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ധനസഹായം ഒരുമിച്ച് നൽകും. പരുക്കേറ്റവർക്ക് 20,000 രൂപയും ഉടൻ നൽകും. ചുഴലിക്കാറ്റിനെ തുടർന്ന് ജോലി ചെയ്യാനാവാത്ത വിധം പരുക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ നൽകും.
മരിച്ചവര്‍ക്ക് അവിവാഹിതരായ സഹോദരിമാര്‍ ഉണ്ടെങ്കില്‍ അവരുടെ വിവാഹത്തിനായി അഞ്ച് ലക്ഷം രൂപ മാറ്റിവയ്ക്കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് വച്ച് നല്‍കും.
മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഓഖി ദുരന്തത്തിൽപെട്ട മൂന്നു പേരുടെ മൃതദേഹങ്ങൾ ബേപ്പൂർ തീരത്ത് പുറംകടലിൽ കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 54 ആയതായാണ് അനൗദ്യോഗിക കണക്ക്. കോസ്റ്റൽ മറൈൻ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവ തിരിച്ചറിയാനാവാത്തവിധം അഴുകിയിരുന്നു. മൃതദേഹങ്ങൾ കപ്പലിലേക്ക് മാറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോകും.
കോഴിക്കോട് കടൽത്തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടത്. ഇന്നലെയും ഈ ഭാഗത്ത് നിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.