scorecardresearch

ഓഖി ദുരന്തം: തീരദേശത്തിന് മ്ലാനമൂകമായ ക്രിസ്മസ്

ഉറ്റവരുടെയും ഉടയവരുടെയും ജീവനുകള്‍ കടലില്‍ പൊലിഞ്ഞു. പലരും വെറും കയ്യുമായി തീരമണഞ്ഞു. നിരവധി ആളുകളെ പറ്റി വിവരമില്ല. ഈ അവസരത്തില്‍ ക്രിസ്മസ് വന്നത് പോലും ഇവര്‍ ഓര്‍ക്കുന്നില്ല

ഉറ്റവരുടെയും ഉടയവരുടെയും ജീവനുകള്‍ കടലില്‍ പൊലിഞ്ഞു. പലരും വെറും കയ്യുമായി തീരമണഞ്ഞു. നിരവധി ആളുകളെ പറ്റി വിവരമില്ല. ഈ അവസരത്തില്‍ ക്രിസ്മസ് വന്നത് പോലും ഇവര്‍ ഓര്‍ക്കുന്നില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rain, മഴ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച തീരാദുരിതങ്ങള്‍ പേറിക്കഴിയുന്ന തീരദേശത്തിന് ഇത്തവണ ക്രിസ്മസ് ഇല്ല. ഉറ്റവരെയും കിടപ്പാടവും സര്‍വ്വതും നഷ്ടപ്പെട്ടതിന്റെ വേദനക്കിടയില്‍ വന്നെത്തിയ ക്രിസ്മസ് മനസറിഞ്ഞ് ആഘോഷിക്കാനാകാതെ ശോകമൂകമാണ് തീരദേശം. ഉറ്റവരുടെയും ഉടയവരുടെയും ജീവനുകള്‍ കടലില്‍ പൊലിഞ്ഞു. പലരും വെറും കയ്യുമായി തീരമണഞ്ഞു. നിരവധി ആളുകളെ പറ്റി വിവരമില്ല. ഈ അവസരത്തില്‍ ക്രിസ്മസ് വന്നത് പോലും ഇവര്‍ ഓര്‍ക്കുന്നില്ല.

Advertisment

വിഴിഞ്ഞത്തെയും പൂന്തുറയിലെയും പളളികളിലും ഇത്തവണ ആഘോഷത്തിന്രെ ആരവങ്ങളില്ല. സാധാരണഗതിയിൽ വിളക്കുകളുടെയും സംഗീതത്തിന്രെയുമെല്ലാം പ്രഭയിൽ പ്രകാശപൂരിതമാകുന്ന ഈ ഇടങ്ങളെല്ലാം ഇത്തവണ വേർപാടിന്രെ ദുഃഖസാന്ദ്രമായ നിശബ്ദതയാണ്.

ദുഃഖക്കയത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനാവാതെ പകച്ചുനിൽക്കുകയാണ് ഈ പ്രദേശങ്ങൾ. പ്രിയപ്പെട്ടവരുടെ വേർപാടും അനവധി പേരെ കുറിച്ച് ഇതുവരെ യാതൊരു വിവരം ലഭ്യമാകാത്തതും ഇവിടെയുളളവരുടെയുളളിൽ ആധിയുടെയും ആശങ്കയുടെയും ചുഴലിക്കാറ്റായി വീശുന്നത്. നവംബർ 30 ന് തുടങ്ങിയ ഓഖി ചുഴലിക്കാറ്റിൽ കേരളത്തിൽ ആൾ നഷ്ടമുൾപ്പടെ കനത്ത നഷ്ടം സംഭവിച്ചിരുന്നു. എഴുപതിലേറെപ്പേർ ഈ ദുരന്തത്തിൽ മരിച്ചതായി ഇതുവരെയുളള കണക്കുകൾ സ്ഥിതീകരീച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്.

പൂന്തറയിലെ കടലോരത്ത് ആയിരത്തിനാന്നൂറോളം വീടുകളുളളതിൽ ഒന്നിൽപോലും ഇത്തവണ നക്ഷത്രങ്ങൾ തിളങ്ങിയില്ല. തങ്ങളുടെ ജീവിതത്തെ ഭയം കൊണ്ട് മേഘാവൃതമാക്കിയ ദുരന്തത്തിന്രെ ഞെട്ടലിൽ നിന്നും വിമുക്തരാകാൻ ഇവിടുത്തുകാർക്ക് സാധിച്ചിട്ടില്ല. അവരെ പിന്തുണയ്ക്കാനുളള സംവിധാനങ്ങളൊന്നും അതിന് പര്യാപ്തമാകുന്നുമില്ല എന്നതാണ് ആ പ്രദേശം നൽകുന്ന തിരിച്ചറിവ്.

Advertisment

poonthura st thomas church ക്രിസ്മസ് തലേന്ന് പൂന്തുറ സെൻറ് തോമസ് പളളിയിൽ നടന്ന പാതിരാ കുർബാന

ഈ  പ്രദേശമാകെ ഉണ്ടായിരുന്ന സന്തോഷമാണ് ഈ ദുരന്തത്തിലൂടെ കടലെടുത്ത് പോയത്. പൂന്തുറയിലെ സെന്റ് തോമസ് പളളിയിൽ രാത്രി പതിനൊന്നരയോടെ നടക്കുന്ന പാതിരാ കുർബാനയിൽ കടലിൽ നിന്നും ജീവിതത്തിലേയ്ക്ക് തിരികെയെത്തിയ 59 പേർ പങ്കെടുക്കും. കടലിന്രെ രൗദ്രഭാവത്തിൽ ഇളകി മറിഞ്ഞത് അവരുടെ ജീവിതവും കൂടെയാണ്. തങ്ങൾക്ക് വീണ്ടും കടലിൽ ജോലിക്ക് പോകാൻ കഴിയില്ലെന്ന് തിരികെയെത്തിയവരിൽ പലരും പറയുന്നു. ഓഖി ദുരന്തം അവരിൽ പലരെയും അത്രത്തോളം മാനസികമായി തളർത്തിയിരിക്കുന്നു.

വിഴിഞ്ഞത്തും അവസ്ഥ ഒട്ടും വ്യത്യസ്തമല്ല. ആഘോഷങ്ങളുടെ ആരവങ്ങളില്ലാതെയാണ് ഇവിടെയും ഇത്തവണത്തെ ക്രിസ്മസ് രാവ് കടന്നുപോകുന്നത്. ക്രിസ്മസിന് ശേഷമുളള ആദ്യ വെളളിയാഴ്ച തുടങ്ങി അടുത്ത ഞായറാഴ്ച സമാപിക്കുന്ന ഇവിടുത്തെ പെരുനാൾ ഇത്തവണ ആഘോഷങ്ങളില്ലാതെ നടത്താനാണ് തീരുമാനം. പരിശുദ്ധ സിന്ധുയാത്ര മാതാവ് പെരുനാളാണ് ഇത്തവണ ആഘോഷമില്ലാതെ നടത്തുക.  പത്തു ദിവസമായി നടക്കുന്ന പെരുനാൾ ഇത്തവണ മൂന്ന് ദിവസങ്ങളിലായി ചുരുക്കിയിട്ടുണ്ട്. ഡിസംബർ 29 ന് ആരംഭിക്കേണ്ടുന്ന പെരുന്നാൾ ജനുവരി മൂന്ന് മുതൽ അഞ്ചുവരെയായിരിക്കും നടത്തുക.

ponthura xmas eve ക്രിസ്മസ് തലേന്ന് സെൻറ് തോമസ് പളളിയിലെ പാതിരാ കുർബാന

ക്രിസ്മസിന്രെ ഭാഗമായി വീട്ടിലുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കാനുളള ഇവിടെയുളള  സ്റ്റാളിൽ ഇത്തവണ വളരെ കുറച്ച് വിൽപ്പന മാത്രമേ നടന്നിട്ടുളളൂ. ആഘോഷങ്ങൾ പോയിട്ട് നിത്യജീവിതത്തെ തന്നെ ഈ ദുരന്തം ആഴത്തിൽ ബാധിച്ചിരിക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. തൊഴിലിനേയും വരുമാനത്തേയുമെല്ലാം ബാധിച്ചതായി അവർ വ്യക്തമാക്കുന്നു.

ക്രിസ്മസ് അഘോഷങ്ങളില്ലാതെ കടന്നുവരുമ്പോഴും നക്ഷത്രതിളക്കങ്ങൾ മറഞ്ഞുനിൽക്കുന്ന വീടുകളിൽ, കടലിൽ പോയ തങ്ങളുടെ ഉറ്റവരെ കാത്തിരിക്കുന്നവർ, മഴ മാറിയിട്ടും മിഴിതോരാതെ ഈ തീരയോരങ്ങളിൽ, ക്രിസ്മസ്സ് ആഘോഷങ്ങളില്ലാതിരിക്കുമ്പോഴും അവരുടെ വഴിക്കണ്ണുകളിൽ ഇപ്പോഴും പ്രത്യാശയുടെയും പ്രതീക്ഷയുടെയും നേരിയ വെളിച്ചം തെളിയുന്നുണ്ട്.

ഇതിനിടയിലും ഓഖി സംബന്ധിച്ച വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വിരാമമായിട്ടില്ല. വിവാദങ്ങളും ആരോപണങ്ങളുമൊന്നും തങ്ങളെ മുന്നോട്ട് പോകാൻ സഹായിക്കുന്നതല്ലെന്ന തിരിച്ചറിവ് ഇവിടുത്തെ ജനതയ്ക്കുണ്ട്. ഇവിടുത്തെ ജനതയിൽ രൂപമെടുത്തിട്ടുളള ഭയവും ആശങ്കയും പ്രശ്നങ്ങളും പരിഹരിക്കാൻ ഇനിയും എത്ര നാളെടുക്കും

Ockhi Cyclone Christmas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: