തിരുവനന്തപുരം: ഓഖി ദുരന്തബാധിത മേഖല സന്ദർശിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും. ഈ മാസം 26 മുതൽ 29വരെയാണ് കേന്ദ്ര സംഘം ദുരന്ത ബാധിത മേഖലകളിൽ സന്ദർശനം നടത്തുക. കേരളം ആവശ്യപ്പെട്ട ദുരിതബാധിത പാക്കേജ് സംബന്ധിച്ച് കേന്ദ്രസംഘമായിരിക്കും തീരുമാനം എടുക്കുക. ചുഴലിക്കാറ്റിന്റെ കെടുതി സംബന്ധിച്ച് പഠിച്ചതിന് ശേഷം സംഘം നൽകുന്ന റിപ്പോർട്ട് പരിഗണിച്ചാകും പ്രത്യേക പാക്കേജ് അനുവദിക്കുക.

3 സംഘങ്ങളായി തിരിഞ്ഞായിരിക്കും കേന്ദ്രസംഘം ദുരിതബാധിത മേഖല സന്ദർശിക്കുക. തിരുവനന്തപും-കൊല്ലം , ആലപ്പുഴ-കൊച്ചി, കന്യാകുമാരി എന്നീ സ്ഥലങ്ങളിൽ സംഘം സന്ദർശനം നടത്തും.

ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തനിവാരണ ഫണ്ടിന്‍റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. 

മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ദുരിതാശ്വാസ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും ഉണ്ടാകും. ദുരന്തങ്ങള്‍ പ്രവചിക്കുന്നിനുളള സാങ്കേതിക വിദ്യയും സംവിധാനവും മെച്ചപ്പെടുത്തും. മുന്‍കൂട്ടി ചുഴലി മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.