ന്യൂഡൽഹി: ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് കേന്ദ്രം 169 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിളിച്ച് ചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. 7340 കോടി രൂപയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
നേരത്തേ 1843 കോടി രൂപയുടെ സഹായം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഹ്രസ്വകാല സഹായമായി 256 കോടി, ഇടക്കാലത്തേക്ക് 792 കോടി, ദീർഘകാലത്തേക്ക് 795 കോടി എന്നിങ്ങനെയാണ് ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് ദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിന് 133 കോടി രൂപ അടിയന്തര കേന്ദ്രസഹായം അനുവദിച്ചിരുന്നു.
പ്രകൃതി ദുരന്തം, കൃഷി നാശം എന്നീ വിഭാഗങ്ങളിൽ പെടുത്തി വിവിധ സംസ്ഥാനങ്ങൾക്കുള്ള പൊതു സഹായം എന്ന നിലയിലാണ് തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ചബ്ബ, നീതി ആയോഗ് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ വർഷം കേരളത്തിലും തമിഴ്നാട്ടിലും വീശിയടിച്ചു തീരദേശത്തെ കണ്ണീർക്കടലാക്കി മാറ്റിയ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു തുക അനുവദിച്ചിരിക്കുന്നത്.