കൊച്ചി: ഓഖി ദുരന്തം മൂലം മത്സ്യ ലഭ്യതയിലും മത്സ്യ വിൽപ്പനയിലും വൻ തിരിച്ചടിയാണ് കേരളം നേരിട്ടതെങ്കിലും മത്സ്യ സമ്പത്തിൽ വർധനവാണ് ഉണ്ടായിട്ടുളളത്. മത്സ്യം കൂടുതൽ ലഭിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്നു കേരളം.

അതേസമയം, കേരളത്തിലെ മത്സ്യ വിൽപ്പന മേഖലയിൽ കനത്ത സാമ്പത്തിക നഷ്‌ടമാണ് ഓഖി മൂലം ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിലാണ് കേരളത്തിൽ ഓഖി സൃഷ്‌ടിച്ച ആഘാതത്തിന്റെ പുതിയ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.

കേരളത്തിലെ ഫിഷ് ലാൻഡിങ് കേന്ദ്രങ്ങളിലെ മത്സ്യവിൽപ്പനയിൽ (​മൊത്ത മത്സ്യവിൽപ്പന) ഓഖി മൂലം 585 കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കിയിട്ടുളളത്. ഇത് റീട്ടെയിൽ മത്സ്യവിൽപ്പനമേഖലയിൽ നഷ്‌ടമാക്കിയത് 821 കോടി രൂപയാണ്. മത്സ്യ വിൽപ്പനയിൽ മാത്രമല്ല, മത്സ്യലഭ്യതയിലും ഗണ്യമായ കുറവ് വന്നതായി റിപ്പോർട്ട് പറയുന്നു. ഓഖി ദുരന്തം സംഭവിച്ച 2017 ഡിസംബർ മാസത്തിൽ മാത്രം 35,000 ടണ്ണിന്റെ കുറവാണ് മത്സ്യ ലഭ്യതയിൽ ഉണ്ടായതെന്നും റിപ്പോർട്ട് പറയുന്നു.

കേരളത്തിലെ മത്തി പ്രിയർക്കുളള സന്തോഷ വാർത്തയും സിഎംഎഫ്ആർഐയുടെ റിപ്പോർട്ടിലുണ്ട്. ഈ​ റിപ്പോർട്ട് പ്രകാരം കേരളത്തിൽ വീണ്ടും മത്തിസമ്പത്ത് വർധിക്കുന്നുവെന്നാണ്. 2016നെ അപേക്ഷിച്ച് രണ്ടിരട്ടിയിലേറെ മത്തിയാണ് 2017 ൽ കേരള തീരത്ത് ലഭ്യമായതെന്ന് സിഎംഎഫ്ആർഐ ഡയറക്‌ടർ ഡോ.എ.ഗോപാലകൃഷ്‌ണൻ അറിയിച്ചു. 2016ൽ 45000 ടണ്ണ് മത്തിയാണ് ലഭിച്ചതെങ്കിൽ 2017 ൽ ഇത് 1,27,000 ടണ്ണായി ഉയർന്നുവെന്നാണ് കണക്കുകൾ പറയുന്നത്. 2012 ന് ശേഷമാണ് മത്തി ലഭ്യതയിൽ ഇത്രയും വർധന കേരളത്തിൽ രേഖപ്പെടുത്തുന്നത്.

മത്തി വർധിച്ചുവെങ്കിലും അയലയുടെ ലഭ്യതയിൽ മുൻ വർഷത്തെ പോലെ കഴിഞ്ഞ വർഷവും കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്. 29 ശതമാനം കുറവാണ് 2017ലും രേഖപ്പെടുത്തിയിട്ടുളളത്. മത്തിക്ക് പുറമെ, ചെമ്മീൻ, കണവ, കിളിമീൻ, തിരിയാൻ എന്നീ മീനുകളിലാണ് ലഭ്യത കൂടുതലുണ്ടായത്.

കേരളത്തിൽ വലിയ വളർച്ചയാണ് മത്സ്യ സമ്പത്തിൽ രേഖപ്പെടുത്തിയിട്ടുളളതെന്ന് റിപ്പോർട്ട് പറയുന്നു. 12 ശതമാനം വളർച്ചയാണ് കേരളത്തിലുണ്ടായത്. ദേശീയ തലത്തിൽ ഇത് 5.6 ശതമാനം വർധനവാണ് കാണിക്കുന്നത്. മത്തിയുടെ ലഭ്യത ഉയർന്നതോടെ മത്സ്യം കൂടുതൽ ലഭിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞതവണ നാലാം സ്ഥാനമായിരുന്നു കേരളത്തിന്റേത്. ഗുജറാത്ത്, തമിഴ് നാടുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കർണാടകം നാലാം സ്ഥാനത്തായി. 5.85 ലക്ഷം ടൺ മത്സ്യമാണ് കേരളത്തിൽ​ കഴിഞ്ഞവർഷം ലഭിച്ചത്.

ഇന്ത്യയിലെ മത്സ്യവിപണിയിൽ കഴിഞ്ഞ വർഷം മൊത്തവിൽപ്പന മേഖലയിൽ 52,341കോടി രൂപയും ചില്ല വിൽപ്പന മേഖലയിൽ 78,408 കോടി രൂപയുടെയും മത്സ്യവിൽപ്പനമൂല്യമാണ് കഴിഞ്ഞ വർഷം കണക്കാക്കിയിട്ടുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ