തിരുവനന്തപുരം: ഓഖി ചുഴലി കൊടുങ്കാറ്റില്‍ കടലില്‍ കാണാതായ 68 ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്ത് എത്തി. ഇതില്‍ 66 ബോട്ടുകള്‍ കേരളത്തില്‍ നിന്നും 2 ബോട്ടുകള്‍ തമിഴ്നാട്ടില്‍ നിന്നും ഉളളതാണ്. സിന്ധുദുര്‍ഗ് തീരത്തെത്തിയ ബോട്ടുകളില്‍ ആകെ 952 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരെ തിരിച്ചയക്കുന്നതിനുളള എല്ലാ ഉത്തരവാദിത്വവും മഹാരാഷ്ട്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.

ഓഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് മരണസംഖ്യ 13 ആയിട്ടുണ്ട്. ശനിയാഴ്ച്ച മാത്രം ഏഴ് പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 20,000 രൂപയും സൗജന്യ ചികിത്സയും സർക്കാർ അനുവദിച്ചു.

അതേസമയം,​ പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ടു പേരെ കോസ്റ്റ്ഗാ‌ർഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് മത്സ്യബന്ധനത്തിന് പോയവരാണ് ആഴക്കടലില്‍ പെട്ടുപോയതില്‍ ഭൂരിഭാഗവും. കാറ്റിനും മഴയ്ക്കും നേരിയ ശമനം ഉണ്ടെങ്കിലും കടല്‍ പ്രക്ഷുബ്ധമാണ്. അതുകൊണ്ടു തന്നെ തീരദേശ മേഖലകളില്‍ കര്‍ശന സുരക്ഷാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കടല്‍ ക്ഷോഭം നിലനില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കൊച്ചി ചെല്ലാനം ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് പോയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ചെല്ലാനം ചാണിപറമ്പിൽ ജോസഫ് റെക്‌സൺ(40) ആണ് ഇന്ന് രാവിലെ മരിച്ചത്. ക്യാമ്പിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാൾ അവിടെ ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് മരണം സംഭവിച്ചത്. ക്യാമ്പിൽ സ്ഥിരമായി ഒരു ഡോക്ടർ വേണമെന്നാണ് ചട്ടമെങ്കിലും ഒരു ലേഡി ഡോക്ടർ ഉള്ളത് വന്നും പോയുമാണിരിക്കുന്നത്. ഇയാളുടെ മൃതദേഹം കണ്ണമാലി സെന്റ്.ജോസഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തോപ്പുംപടി ഹാർബറിൽ നിന്ന് പുറംകടലിലേക്ക് പോയ 10 ഗില്ലെറ്റ് ബോട്ടുകൾ ഇന്ന് രാവിലെയോടെ തിരിച്ചെത്തി. 70 ബോട്ടുകൾ മലപ്പ ഹാർബറിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം ഭാഗത്ത് ഒരു ബോട്ടും ഒരു വള്ളവും മുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്.

കൊല്ലത്ത് നിന്ന് കാണാതായ എല്ലാവരും മടങ്ങിയെത്തിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ അറിയിച്ചു. ഇതില്‍ നാലുപേരെ രക്ഷപ്പെടുത്തി കൊച്ചി തീരത്താണ് എത്തിച്ചിരിക്കുന്നതെന്നും അവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുകേഷ് എംഎല്‍എ അറിയിച്ചു. ചുഴലിക്കാറ്റിലും മഴയിലും കാണാതായവരുടെ കണക്കെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ