തിരുവനന്തപുരം: ഓഖി ദുരന്തത്തിനെ തുടർന്ന് കടലിൽ പെട്ട 79 പേർ കൂടി തിരിച്ചെത്തി. ഓഖിയിൽ പെട്ട് ലക്ഷദ്വീപിൽ കുടുങ്ങിയവരാണ് തിരിച്ചെത്തിയത്. ഏഴ് ബോട്ടുകളിലായാണ് ഇവർ കൊച്ചിയിൽ തീരമണഞ്ഞത്. തിരിച്ചെത്തിയവരിൽ അവശരായ ഒമ്പത് പേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരിച്ചെത്തിയവരിൽ 14 മലയാളികളുമുണ്ട്. ബാക്കിയുള്ളവരിൽ കൂടുതൽ പേരും തമിഴ്നാട്ടുകാരാണ്. അതേസമയം, ലക്ഷദ്വീപിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും.

അതേസമയം ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഉടൻ കേരളത്തിലെത്തും. രക്ഷാ പ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും മനുഷ്യ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മൽസ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്തു ദിവസം കൂടി തുടരുമെന്ന് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകുകയും ചെയ്തു.

ഓഖി ദുരന്ത പുനരധിവാസത്തിനായി 1843 കോടി രൂപയുടെ കേന്ദ്ര സഹായമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്. ഇതിൽ 256 കോടി രൂപ അടിയന്തരമായി നൽകണം. മൽസ്യത്തൊഴിലാളികൾക്ക് പ്രധാനമന്ത്രിയുടെ ഗ്രാമീണ പാർപിട പദ്ധതിയിലുൾപ്പെടുത്തി വീടുവെച്ച് നൽകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.