തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ടുപോയ 72 പേരെ കൂടി രക്ഷപ്പെടുത്തി. കോസ്റ്റ്ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇതില്‍ 14 മലയാളികളും 58 തമിഴ്‌നാട്ടുകാരുമാണ് ഉള്ളത്. ആറ് മത്സ്യ ബന്ധന ബോട്ടുകള്‍ കോസ്റ്റ്ഗാര്‍ഡിനെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. കനത്ത കാറ്റിൽ ദിശതെറ്റി ബോട്ടുകൾ ലക്ഷദ്വീപ് തീരത്ത് എത്തുകയായിരുന്നുവെന്ന് മത്സ്യതൊഴിലാളികൾ അറിയിച്ചു. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഇന്ധനവും കോസ്റ്റ് ഗാർഡ് നൽകി. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ സ്വന്തം ബോട്ടുകളിൽ നാട്ടിലേക്ക് മടങ്ങാനാണ് മത്സ്യതൊഴിലാളികളുടെ തീരുമാനം.

ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്. ആറ് ബോട്ടുകൾ കൂടി കണ്ടെത്തിയെന്ന വാർത്ത തീരദേശത്ത് വലിയ ആശ്വാസം പകർന്നിരിക്കുകയാണ്. കാറ്റിൽ ദിശമാറിപ്പോയ മത്സ്യതൊഴിലാളികൾക്ക് വേണ്ടി കോസ്റ്റ് ഗാർഡും നേവിയും തിരച്ചിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ