കൊച്ചി: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ലക്ഷദ്വീപിൽ കുടുങ്ങിയ 65 മത്സ്യത്തൊഴിലാളികൾ കൊച്ചിയിലെത്തി. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. ആറ് ബോട്ടുകളിലായാണ് ഇവർ തിരിച്ചെത്തിയത്. ഇവരിൽ പരിക്കുകളുള്ള അഞ്ച് പേരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഉടൻ കേരളത്തിലെത്തും. രക്ഷാ പ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും മനുഷ്യ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മൽസ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്തു ദിവസം കൂടി തുടരുമെന്ന് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകുകയും ചെയ്തു.

ഓഖി ദുരന്ത പുനരധിവാസത്തിനായി 1843 കോടി രൂപയുടെ കേന്ദ്ര സഹായമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്. ഇതിൽ 256 കോടി രൂപ അടിയന്തരമായി നൽകണം. മൽസ്യത്തൊഴിലാളികൾക്ക് പ്രധാനമന്ത്രിയുടെ ഗ്രാമീണ പാർപിട പദ്ധതിയിലുൾപ്പെടുത്തി വീടുവെച്ച് നൽകണം. ദുരന്തം വിലയിരുത്താനും നഷ്ടപരിഹാരം നിശ്ചയിക്കാനും കേന്ദ്ര സംഘം ഉടൻ എത്തും.

അതേസമയം, കടലിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ തുടർച്ചയായ പതിനൊന്നാം ദിവസവും തുടരുകയാണ്. വ്യോമസേനയുടെ വിമാനത്തിൽ‌ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തിയുള്ള തെരച്ചിലാണ് ഇന്ന് നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ