തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കാണാതായ 516 മത്സ്യ തൊഴിലാളികൾ സുരക്ഷിതർ. രൂക്ഷമായ കടൽക്ഷോഭത്തിൽപ്പെട്ട 40 ഓളം ബോട്ടുകളാണ് ഗുജറാത്ത് തീരത്ത് എത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കൊല്ലം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ഗുജറാത്ത് തീരത്ത് സുരക്ഷിതരായി എത്തിയിട്ടുള്ളത്. ഇന്ത്യൻ കോസ്റ്റ്ഗാർഡാണ് തൊഴിലാളികൾ സുരക്ഷിതരാണെന്ന് അറിയിച്ചത്.

മുംബൈ,ഗുജറാത്ത് തിരത്തേക്ക് മത്സ്യബന്ധനത്തിന് പോയവരാണ് ഇന്ന് ഗുജറാത്തിലെ വാരവൽ തീരത്ത് എത്തിയിരിക്കുന്നത്. ഇവരുടെ പേര്, വിവരങ്ങൾ കോസ്റ്റ്ഗാർഡ് ശേഖരിച്ച് വരികയാണ്. ദിവസങ്ങളായി ഭക്ഷണമോ,വെള്ളമോ ഇല്ലാതെ കടൽ അകപ്പെട്ട ഇവർക്ക് കോസ്റ്റ് ഗാർഡ് ഭക്ഷണവും പ്രാഥമിക ചികിത്സയും നൽകി. കടൽ ശാന്തമായതിന് ശേഷം ഇവർ തങ്ങളുടെ നാട്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓഖി ചുഴലിക്കാറ്റ് ഇപ്പോൾ ഗുജറാത്ത് തീരത്തേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ കാറ്റിന്റെ ശക്തി കുറഞ്ഞ് വരികയാണ്. മണിക്കൂറിൽ 9 കിലോമീറ്റർ വേഗതമാത്രമെ ഓഖി ചുഴലിക്കാറ്റിനുള്ളു. എന്നിരുന്നാലും കടൽക്ഷോഭം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.