തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ 38 പേരുടെ മരണം സർക്കാർ സ്ഥിരീകരിച്ചു. റവന്യൂ വകുപ്പിന്റേതാണ് പുതിയ കണക്ക്. 14 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. 146 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും പുതിയ കണക്ക്.
അതേസമയം, ഓഖി ദുരന്തം നേരിടാൻ എല്ലാ സുരക്ഷ സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളുടെ ഇടയിൽ കുറേ ജീവൻ നഷ്‌ടപ്പെട്ടതിൽ വിഷമമുണ്ടെന്നും വൈകാരികതയുടെ വേലിയേറ്റങ്ങളുണ്ടാക്കി പ്രശ്‌ന പരിഹാരത്തിന്റെ സാധ്യതകൾ നഷ്‌ടപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷാപ്രവര്‍ത്തന വിഷയത്തിലും നഷ്‌ടപരിഹാരപ്പാക്കേജിലും സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ലത്തീന്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാജ്‌ഭവന്‍ മാര്‍ച്ച് നടത്തും. ഒരു ദിവസത്തെ ജോലി ഒഴിവാക്കി എല്ലാവരും മാര്‍ച്ചില്‍ പങ്കെടുക്കണമെന്നാണ് ആഹ്വാനം. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്നും ദുരിതബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് മൽസ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്നത്.
ദുരന്തത്തില്‍ മരിച്ചവര്‍ക്കും കടലില്‍ അകപ്പെട്ടവര്‍ക്കും കാണാതായവര്‍ക്കുമായി ഇന്നലെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന സംഘടിപ്പിച്ചിരുന്നു. പൂന്തുറയില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണു മൽസ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. സംസ്‌ഥാന സര്‍ക്കാരിന്റെ നഷ്‌ടപരിഹാര പാക്കേജ് അപര്യാപ്‌തമാണെന്നു ചൂണ്ടിക്കാട്ടിയ ലത്തീന്‍ സഭയ്‌ക്ക് തങ്ങളുന്നയിച്ച ആവശ്യങ്ങളിന്മേല്‍ സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിതന്നെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്‌ക്കുന്നത്.