കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ പെട്ട് കടലിൽ അകപ്പെട്ട മൂന്ന് ബോട്ടുകൾ കൊച്ചിയിൽ നിന്ന് തിരച്ചിലിനായി പോയ സംഘം കണ്ടെത്തി. ഇതിൽ 34 പേരെയും കണ്ടെത്തിയിട്ടുണ്ട്. ഇവർക്കാർക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.
34 പേരെയും ഉടനെ കൊച്ചി തീരത്തേക്ക് തിരികെയെത്തിക്കാൻ നടപടി സ്വീകരിച്ചു. ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് വീശിയടിക്കുന്നതിന് തൊട്ടുമുൻപ് കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടുകളാണ് പുറംകടലിൽ നിന്ന് കണ്ടെത്തിയത്. ഫിഷറീസ് വകുപ്പ് നടത്തിയ തിരച്ചിലിലാണ് ഇത്രയും പേരെ ജീവനോടെ കണ്ടെത്തിയത്.
തമിഴ്‌നാട് രജിസ്ട്രേഷനുള്ള ബോട്ടാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം. സംഘത്തിൽ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. രാത്രിയോടെ ഇവരെ കൊച്ചി തീരത്ത് എത്തിക്കാൻ സാധിക്കുമെന്നാണ് വിവരം.