തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോൾ ഇനിയും കണ്ടെത്താനുള്ളത് 142 പേരെ. മരണം സ്ഥിരീകരിച്ച 25 പേരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ച് കഴിഞ്ഞു. ചെറുവള്ളത്തിൽ പോയ 95 പേരും ബോട്ടിൽ പോയ 47 പേരും മടങ്ങിയെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മരണം സ്ഥിരീകരിച്ച 25 പേരുടെ കുടുംബങ്ങൾക്കാണ് 20 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുള്ളത്. ബാക്കി നടപടി ക്രമങ്ങൾ പൂര്‍ത്തിയാകും വരെ കാണാതായവരുടെ കുടുംബങ്ങൾക്കെല്ലാം പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും.

അതേസമയം ദുരിതബാധിതര്‍ക്കായി നൂറു കോടിയുടെ സഹായപദ്ധതികള്‍ നടപ്പാക്കുമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രഖ്യാപിച്ചു. ഭവന, ആരോഗ്യ വിദ്യാഭ്യാസ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം പറഞ്ഞു. 100 പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായം നല്‍കും. ഭവനരഹിതര്‍ക്കായി ഓഖി ടൗണ്‍ഷിപ്പ് നിര്‍മിക്കാനും പദ്ധതിയുണ്ട്. ഓഖി തീരപ്രദേശത്തെ കണ്ണീരിലാഴ്ത്തി ഒരുമാസം പിന്നിടുമ്പോള്‍ ദുരന്തത്തിനിരയായവരുടെ സ്മരണയ്ക്കായി പ്രത്യേക കുര്‍ബാനയും മെഴുകുതിരി പ്രദക്ഷിണവും നടന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ