കൊച്ചി: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ 10 മൽസ്യത്തൊഴിലാളികളെ രക്ഷിച്ചു. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് പുറംകടലിൽ അകപ്പെട്ട് പോയവരെയാണ് തിരച്ചിൽ സംഘം രക്ഷപ്പെടുത്തിയത്. തമിഴ്നാട് റജിസ്ട്രേഷൻ ഉള്ള ഓഷ്യൻ ഹണ്ടർ എന്ന ബോട്ട് തോപ്പുംപടിയിൽ എത്തിച്ചു.

കൊച്ചി തീരത്ത് നിന്ന് ഏകദേശം അഞ്ഞൂറ് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ബോട്ട് ഓഖി ചുഴലിക്കാറ്റില്‍ പെട്ടത്. 42 ദിവസം മുൻപാണ് ഇവർ മൽസ്യബന്ധനത്തിനായി കടലിലേക്ക് പോയത്. യന്ത്രതകരാറു മൂലം ബോട്ട് കടലിൽ ഒഴുകി നടക്കുകയായിരുന്നു. മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടത്തുന്ന പ്രത്യേക സംഘമാണ് ഇവരെ രക്ഷിച്ചത്. താൽക്കാലിക എൻഞ്ചിൻ ഘടിപ്പിച്ചാണ് ബോട്ട് തീരത്തേക്ക് എത്തിച്ചത്. മൽസ്യത്തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ഉടൻ രക്ഷാപ്രവർത്തകർ നൽകി.

തങ്ങള്‍ക്കൊപ്പം കൂടുതല്‍ ബോട്ടുകള്‍ തിരികെയെത്താനുണ്ടെന്നാണ് ഇവരുടെ പ്രതികരണം. തമിഴ്നാട്, അസം സ്വദേശികളാണ് രക്ഷപെട്ടവരില്‍ ഭൂരിഭാഗം പേരും. ഓഷ്യൻ ഹണ്ടറിൽ എത്തിയ അസം സ്വദേശികൾ ജോതു ദാസ്, അഞ്ജൻ ദാസ് തമിഴ്നാട് സ്വദേശികൾ ജോനാൽഡ്, ജോവിറ്റ്, റോവിൻ, അന്തോണി, പത്രോസ്, പ്രദീപ്, ഡിറ്റു, വിനോദ് എന്നിവരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ