തിരുവനന്തപുരം: കടൽക്ഷോഭമുണ്ടാകുമെന്ന വിവിധ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതായി റിപ്പോർട്ട്. 28 മുതൽ ദേശീയ സമുദ്രഗവേഷണ കേന്ദ്രം ചുഴലിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിനും തമിഴ്നാടിനും ലക്ഷദ്വീപിനും സന്ദേശമയച്ചു. ചീഫ് സെക്രട്ടറിക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും മുന്നറിയിപ്പ് നൽകി.
സമുദ്ര തീരത്ത് മണിക്കൂറിൽ 52 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. വലിയ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 28-ാം തീയതി വൈകിട്ട് മുതൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് ജാഗ്രതാ നിർദ്ദേശം നൽകണമെന്നായിരുന്നു മുന്നറിയിപ്പ് നൽകിയത്. ഈ നിർദ്ദേശം സംസ്ഥാനം അവഗണിച്ചുവെന്നാണ് ഇപ്പോൾ ആക്ഷേപമുയരുന്നത്.
ശ്രീലങ്കൻ തീരത്ത് ബുധനാഴ്ച ന്യൂനമർദ്ദം രൂപപ്പെട്ടപ്പോൾ തന്നെ ഇത് ശക്തി പ്രാപിക്കാനുളള സാധ്യതകൾ മനസ്സിലാക്കിയിരുന്നു. ചുഴലിക്കാറ്റിനുളള മുന്നറിയിപ്പ് 29 ന് തന്നെ സംസ്ഥാന സർക്കാരുടെ അറിയിച്ചിരുന്നുവെന്ന് ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രം മേധാവി ഡോ. കെ.സതീദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൽസ്യത്തൊഴിലാളി മേകളകളിലുൾപ്പെടെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഫാക്സ് സന്ദേശം അയച്ചിരുന്നു. ഇതിൽ നടപടിയെടുക്കേണ്ടത് അതാത് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ വിഭാഗങ്ങളാണെന്നും അവർ പറഞ്ഞു.