കൊല്ലം: ഓച്ചിറയില്‍ 13 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി. കേസിലെ നാല് പ്രതികള്‍ക്കെതിരെയാണ് പോക്‌സോ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് രാജസ്ഥാൻ സ്വദേശികളുടെ 13-കാരിയായ മകളെ തട്ടിക്കൊണ്ടുപോയത്.
സംഭവത്തില്‍ കേരള പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്റെ സഹായം തേടി. പെണ്‍കുട്ടിയെയും പ്രതി റോഷനെയും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. റോഷന്‍ പെണ്‍കുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ബെംഗളൂരുവിലേക്ക് എത്തിയിരിക്കുന്നത്.
തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദിച്ച് അവശരാക്കി 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് റോഷന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയത്.
Read: രാജസ്ഥാനി പെണ്‍കുട്ടിയുമായി മുഖ്യപ്രതി ബെംഗളൂരുവിലേക്ക് കടന്നതായി പൊലീസ്
അതേസമയം, തന്റെ മകനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന് പ്രതിയായ റോഷന്റെ അച്ഛന്‍ പ്രതികരിച്ചു. വര്‍ഷങ്ങളായി അവര്‍ തമ്മില്‍ അടുപ്പത്തിലാണെന്ന് പറഞ്ഞ അദ്ദേഹം പെണ്‍കുട്ടിക്ക് 18 വയസ് പ്രായമുണ്ടെന്നും ആരോപിച്ചു. തങ്ങളുടെ മകളെ തിരിച്ചു കിട്ടിയാല്‍ രാജസ്ഥാനിലേക്ക് തിരിച്ച് പോകുമെന്നാണ് പെണ്‍കുട്ടിയുടെ മതാപിതാക്കള്‍ പ്രതികരിച്ചത്.