മുംബൈ: ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം വന്നതെന്ന് പ്രതിയായ മുഹമ്മദ് റോഷന്‍. കാണാതായ പെണ്‍കുട്ടിയും ഇത് സമ്മതിക്കുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച് തന്റെ കൂടെ വന്നതാണെന്നും മുഹമ്മദ് റോഷന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും പെണ്‍കുട്ടിക്ക് 18 വയസുള്ളതായും റിപ്പോര്‍ട്ട്. പെണ്‍കുട്ടിയും ഇക്കാര്യം സമ്മതിച്ചതായാണ് പറയുന്നത്. പരസ്പരം ഇഷ്ടത്തിലായിരുന്നു എന്നും പ്രണയം വീട്ടുക്കാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഒളിച്ചോടിയതെന്നും മുഹമ്മദ് പറഞ്ഞതായി മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരെയും മുംബൈയില്‍ നിന്നാണ് മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. നാളെ ഇരുവരെയും ഓച്ചിറയില്‍ എത്തിക്കും. ആദ്യം പോയത് മംഗലാപുരത്തേക്കാണെന്നും പിന്നീട് മുംബൈയിലേക്ക് കടന്നതാണെന്നും മുഹമ്മദ് റോഷന്‍ പറഞ്ഞു. തനിക്ക് 18 വയസ് ആയെന്ന് പെണ്‍കുട്ടി പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ ആവശ്യമായ രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ല.

Read More: ബിന്ദു കൃഷ്ണക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. പെണ്‍കുട്ടിയും തങ്ങളുടെ മകനും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നും പെണ്‍കുട്ടിക്ക് 18 വയസിന് മുകളില്‍ പ്രായമുണ്ടെന്നും പ്രതിയായ മുഹമ്മദ് റോഷന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. രാജസ്ഥാനിലും ബെംഗളൂരുവിലും അന്വേഷണം നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഓച്ചിറ സ്വദേശികളായ മുഹമ്മദ് റോഷനും മറ്റ് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് രാജസ്ഥാന്‍ സ്വദേശികളായ കുടുംബം പരാതി നല്‍കിയത്. മുഹമ്മദ് റോഷന്റെ സുഹൃത്തുക്കളായ അനന്തു, വിപിന്‍, പ്യാരി എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിട്ടുണ്ട്. മുഹമ്മദ് റോഷന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കുമെതിരെ പോക്‌സോ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ