കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ല. ഇതു സംബന്ധിച്ച സ്‌കൂള്‍ വിദ്യാഭ്യാസ രേഖകള്‍ കേസ് അന്വേഷിക്കുന്ന പൊലീസിന് ലഭിച്ചു. രേഖകളുടെ ആധികാരികത അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായാല്‍ പ്രതികള്‍ക്കെതിരെയുള്ള പോക്‌സോ കേസ് നിലനില്‍ക്കും. നിലവില്‍ നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്.

Read More: തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയും പ്രതിയും

മുംബൈയില്‍ നിന്ന് പിടികൂടിയ മുഖ്യപ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും ഇന്ന് ഓച്ചിറയിലെത്തിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഓച്ചിറയില്‍ നിന്ന് കാണാതായ ഇരുവരെയും രണ്ട് ദിവസം മുന്‍പ് മുംബൈയില്‍ നിന്നാണ് കണ്ടെത്തിയത്.

Read More: ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; പ്രതി കസ്റ്റഡിയില്‍

മുഹമ്മദ് റോഷന്‍ തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതായാണ് സൂചന. തങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു എന്ന് മുഹമ്മദ് റോഷനും പറഞ്ഞിട്ടുണ്ട്. എന്നാല്‍, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞ് രാജസ്ഥാന്‍ സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയതാണെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയും തങ്ങളുടെ മകനും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നും പെണ്‍കുട്ടിക്ക് 18 വയസിന് മുകളില്‍ പ്രായമുണ്ടെന്നും പ്രതിയായ മുഹമ്മദ് റോഷന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. രാജസ്ഥാനിലും ബെംഗളൂരുവിലും അന്വേഷണം നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഓച്ചിറ സ്വദേശികളായ മുഹമ്മദ് റോഷനും മറ്റ് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് രാജസ്ഥാന്‍ സ്വദേശികളായ കുടുംബം പരാതി നല്‍കിയത്. മുഹമ്മദ് റോഷന്റെ സുഹൃത്തുക്കളായ അനന്തു, വിപിന്‍, പ്യാരി എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിട്ടുണ്ട്. മുഹമ്മദ് റോഷന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കുമെതിരെ പോക്‌സോ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook