കൊല്ലം: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. അനന്തു, ബിബിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു. കാര്‍ നല്‍കിയയാളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യപ്രതി റോഷന്‍ 13കാരിയേയും കൊണ്ട് ബെംഗളൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തി.
വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ 13 കാരിയായ മകളെയാണ് തട്ടിക്കൊണ്ടു പോയത്. കൊല്ലം ഓച്ചിറയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇതിന് ശേഷം മുഖ്യപ്രതിയും രണ്ട് കൂട്ടുകാരും എറണാകുളം റെയില്‍വെ സ്റ്റേഷനിലെത്തി. തുടര്‍ന്ന് മുഖ്യപ്രതി ബെംഗളൂരുവിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Read More: കൊല്ലത്ത് മാതാപിതാക്കളെ മർദിച്ച് അവശരാക്കിയശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
ഓച്ചിറ സ്വദേശിയായ റോഷനും സംഘവുമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ക്കായും അന്വേഷണം തുടരുകയാണ്. നാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. റോഷനും സംഘവും മകളെ ശല്യം ചെയ്തിരുന്നതായി കുടുംബം പൊലീസിനോട് വ്യക്തമാക്കി.
കൊല്ലം ദേശീയ പാതയ്ക്ക് സമീപത്തായിരുന്നു രാജസ്ഥാന്‍ സ്വദേശികളായ കുടുംബം വഴിയോര കച്ചവടം നടത്തിയിരുന്നത്. ഞായറാഴ്ച രാത്രിയില്‍ റോഷനും മറ്റു നാലുപേരും ചേര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ മാതാപിതാക്കള്‍ തടയുകയും റോഷനും സംഘവും ചേര്‍ന്ന് അവരെ മര്‍ദിക്കുകയുമായിരുന്നു.