കൊച്ചി:ബ്രഹ്മപുര മാലിന്യ പ്ലാന്റില്‍ തീ പടര്‍ന്ന് നഗരത്തില്‍ വിഷപ്പുക വ്യാപകമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. വിഷപ്പുക വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു യോഗം. കൊച്ചി നഗരത്തിലുള്‍പ്പെടെയുണ്ടായ പുകയില്‍ ആശങ്കവേണ്ടെന്ന് മന്ത്രി പറഞ്ഞു. പുകമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുവരെയും കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ശ്വാസംമുട്ടല്‍ ഉള്‍പ്പടെയുള്ള അസുഖമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കൈകാര്യം ചെയ്യുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള ആശുപത്രികളിലും പ്രത്യേക സജ്ജീകരണമൊരുക്കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ സ്‌മോക് അത്യാഹിത വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചെന്നും രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ ആരോഗ്യവകുപ്പ് തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
തീപിടിത്തത്തെ തുടര്‍ന്നുള്ള വിഷപ്പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും ആളുകള്‍ ഇന്നു വീട്ടില്‍ തന്നെ കഴിയണമെന്നു കലക്ടര്‍ ഡോ. രേണുരാജ് നിര്‍ദേശിച്ചിട്ടുണ്ട്. ഞായറാഴ്ചയായതിനാല്‍ അത്യാവശ്യമില്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കരുത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കി. ബ്രഹ്മപുരത്ത് ഓക്‌സിജന്‍ കിയോസ്‌ക് തുറക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മലിനീകരണത്തിന്റെ പേരില്‍ ഇത്ര കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊച്ചി കോര്‍പ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തിയേക്കും. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചതുമൂലം വന്‍ പാരിസ്ഥിതിക ആഘാതമാണുണ്ടായതെന്ന് വിലയിരുത്തിയാണ് തീരുമാനം.
മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി തീ പിടിക്കുന്നത് തുടരുകയാണ്. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീയണയ്ക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ചിലയിടങ്ങളില്‍ നേരിയ ആശ്വാസമുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് പുക വ്യാപിക്കുന്നതും തീ അണയാത്തതും ആശങ്കയായി നില്‍ക്കുന്നു. ശ്വാസ തടസം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നവര്‍ ചികിത്സ തേടണം. ആശുപത്രികളോട് തയ്യാറായി ഇരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ ഡയോക്‌സിനുകള്‍, ഫ്യുറാന്‍, പോളിക്ലോറിനേറ്റഡ് ബൈഫിനൈല്‍സ് തുടങ്ങിയ വിഷ പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് മനുഷ്യരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതുണ്ട്. വായു, ഭക്ഷണം, വെള്ളം എന്നിവയിലൂടെ ഈ വിഷപദാര്‍ഥങ്ങള്‍ ശരീരത്തിലെത്തുകയും കാന്‍സറിനു വരെ കാരണമാക്കുമെന്നും വിദഗ്ധര്‍ പറയുന്നത്.
കടകളും സ്ഥാപങ്ങളും അടച്ചിടാന്‍ കര്‍ശന നിര്‍ദേശമില്ല. എന്നിരുന്നാലും കഴിയുന്നതും സ്ഥാപനങ്ങള്‍ അടച്ചിടണം. പൊതുജനങ്ങളും സ്ഥാപന ഉടമകള്‍ സഹകരിക്കണമെന്ന് കലക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. തീയണയ്ക്കല്‍ ശ്രമം നിലവിലെ രീതിയില്‍ തന്നെ തുടരാനാണ് തീരുമാനം. 20 ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്ക് പുറമേ കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ എത്തിക്കും.