കൊച്ചി: നഗര മധ്യത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സമുച്ചയത്തിലൊന്നാണ് ഇന്ന് തീപിടിത്തം ഉണ്ടായ കൊച്ചി ഒബ്റോൺ മാൾ. ആഴ്ച ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഒരേ പോലെ ജനത്തിരക്കുള്ള ഇവിടെയാണ്  ഉച്ചയോടെ തീപിടിത്തം ഉണ്ടായത്. നാലാം നിലയിൽ ഫുഡ് കോർട്ടിലായിരുന്നു അപകടം. ഫുഡ് കോർട്ടിന് പുറകിൽ വൈദ്യുതി ബന്ധത്തിലുണ്ടായ തകരാറാണ് തീപിടിത്തത്തിലേക്ക് വഴിമാറിയത്.

നാലാം നിലയിലെ ഫുഡ് കോർട്ടിനോട് ചേർന്നാണ് നാല് മൾട്ടിപ്ലക്സ് തിയേറ്ററുകളും ഉള്ളത്. പുക ഉയർന്ന ഉടൻ തന്നെ ഫുഡ് കോർട്ടിൽ നിന്ന് മാളിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ സന്ദർശകരെ വിവരം അറിയിച്ചു. ഉടനെ  തന്നെ സിനിമ തിയേറ്ററുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.

നാല് തിയേറ്ററുകളിലും ഈ സമയം ഷോ ഉണ്ടായിരുന്നു. ഏതാണ്ട് മുന്നൂറിലധികം പേർ തിയേറ്ററിലും നൂറോളം പേർ പുറത്തുമായുണ്ടായിരുന്നുവെന്നാണ് മാൾ അധികൃതരിൽ നിന്ന് ലഭിച്ച വിവരം. വേഗത്തിൽ ഇവരെ താഴേക്കിറക്കാൻ ജീവനക്കാർക്ക് സാധിച്ചതാണ് വൻ ദുരന്തം ഒഴിവാക്കിയത്. നാലാം നിലയിൽ മാളിന്റെ പുറകുഭാഗത്തായാണ് ആദ്യം തീ പടർന്നത്.

ഒരു വിഭാഗം ജീവനക്കാർ ഇവിടെ നിന്ന് ആളുകളെ താഴേക്ക് ഒഴിപ്പിച്ചപ്പോൾ തന്നെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നവർ തീയണക്കാനെത്തി. ഇവർക്ക് സമയോചിതമായി ഇടപെടാനായതാണ് മാളിനെ തീ വിഴുങ്ങാതെ രക്ഷിച്ചത്.

ഈ സമയത്ത് നാലാം നിലയിലാകെ പുക പരന്നിരുന്നു. പിന്നീട് തൃക്കാക്കര, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നിന്നായി രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തി.

ആവശ്യത്തിന് വെള്ളം മാളിൽ തന്നെ ഉണ്ടായിരുന്നുവെന്നും ഇതിനാൽ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നും അഗ്നിരക്ഷാ സേനയിലെ ജീവനക്കാർ പറഞ്ഞു. ഇവർക്ക് പക്ഷെ നാലാം നിലയിൽ മുന്നോട്ട് പോകാൻ സാധിച്ചിരുന്നില്ല. നാലാം നിലയിൽ പുക നിറഞ്ഞതിനാൽ പിന്നീട് ഓക്സിജൻ സിലിണ്ടറുകളുടെ സഹായത്തോടെയാണ് ഇവർ മുകളിലേക്ക് കയറിയത്.

എന്നാൽ കാഴ്ച മറഞ്ഞ് മുന്നോട്ട് പോകാൻ സാധിച്ചില്ലെന്ന് പിന്നീട് ഇവർ പറഞ്ഞു. തീ പൂർണ്ണമായും അണഞ്ഞെന്ന് ബോധ്യം വന്ന ശേഷം മാളിന്റെ പുറക് വശത്തെ എട്ടോളം ഗ്ലാസ് ചുവരുകൾ അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥർ പൊളിച്ചു. ഇതിലൂടെ നാലാം നിലയിൽ നിറഞ്ഞ് നിന്ന പുക പുറത്തേക്ക് വിടുകയായിരുന്നു.

ഈ സമയത്ത് താഴെ ആളുകൾ തടിച്ചുകൂടി നില്കുന്നതുകൊണ്ടു  മാളിന് ചുറ്റിനുമുള്ള  മൂന്ന് ഇടറോഡുകളിലും  ഗതാഗതം തടസ്സപ്പെട്ടു. മാളിന്റെ നാല് ഭാഗത്തുനിന്ന് ഇറങ്ങിയവരും നാട്ടുകാരും മാധ്യമപ്രവർത്തകരുമായി വലിയ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. എല്ലാവരെയും മാൾ കോമ്പൗണ്ടിൽ നിന്ന് പുറത്തേക്ക് മാറ്റിയാണ് അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ ബാക്കി പ്രവർത്തനങ്ങൾ നടത്തിയത്.

ഈ സമയത്ത് ഇവിടെയെത്തിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സ്ഥിതിഗതികൾ അഗ്നിരക്ഷാ സേനയിലെ അംഗങ്ങളുമായി ചർച്ച ചെയ്‌തു. ഷോർട് സർക്യൂട്ട് ആകാം കാരണമെന്ന പ്രാഥമിക സംശയം ശരിയാണെന്നും ഫുഡ് കോർട്ടിന് പുറകിലെ വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടി തീയാളിയതാണെന്നും അഗ്നി രക്ഷാ സേനയിലെ ജീവനക്കാർ കമ്മിഷണറോട് വിശദീകരിച്ചു.

കമ്മിഷണർ ഇവിടെ നിന്ന് പോയ ഉടൻ തന്നെ മേയർ സൗമിനി ജയിനും സ്ഥലത്തെത്തി. കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുമ്പോൾ ആർക്കെങ്കിലും അസ്വാസ്ഥ്യം സംഭവിച്ചിരുന്നോയെന്ന് ഇവർ മാൾ അധികൃതരോടും അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥരോടും ആരാഞ്ഞു. എന്നാൽ ആർക്കും യാതൊന്നും സംഭവിച്ചിരുന്നില്ല.

കെട്ടിടത്തിന്റെ രൂപരേഖ ഒന്നുകൂടി പരിശോധിക്കുമെന്നും അപകടസമയത്ത് രക്ഷാമാർഗങ്ങൾ മാളിലുണ്ടായിരുന്നവർക്ക് ഉപയോഗിക്കാൻ സാധിച്ചിരുന്നോയെന്ന കാര്യം പരിശോധിക്കുമെന്നും മേയർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മാളിലേക്കുള്ള പ്രവേശനം പൂർണ്ണമായി അടച്ചിട്ടും പലർക്കും ഇവിടെ നിന്ന് പോകാൻ സാധിച്ചിരുന്നില്ല. കാറുമായി വന്നവർ ഏറ്റവും താഴത്തെ നിലയിൽ വാഹനങ്ങൾ  പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

രക്ഷാപ്രവർത്തനം ആരംഭിച്ച ശേഷം ആരെയും ഇതിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതോടെ രാവിലെ സിനിമ കാണാനും മറ്റുമായി മാളിലെത്തിയവർ ഇവിടെ തന്നെ ഇരിക്കേണ്ടി വന്നു.ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് ഇവർക്ക് വാഹനങ്ങൾ എടുക്കാനായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ