തിരുവനന്തപുരം: ഹിന്ദു ഇതര മതത്തില്‍ പെട്ട ഉദ്യോഗസ്ഥരെ ശബരിമലയില്‍ കൃത്യനിര്‍വഹണത്തിനായി നിയമിച്ച് വിശ്വാസികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്ന് ബിജെപി എംഎല്‍എ  ഒ. രാജഗോപാല്‍. സനാതനധര്‍മം പരിപാലിക്കുക എന്ന അയ്യപ്പന്റെ ദൗത്യത്തിന് എതിരെയാണ് ഇടതു സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനു മുമ്പില്‍ നാമജപപ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരള സർക്കാർ ഹിന്ദു ധർമത്തിനെതിരേ പ്രത്യേകവിരോധം വെച്ചു പുലർത്തുകയാണ്. ശബരിമല ഭക്തരെ സ്റ്റാലിനിസ്റ്റ് ഭക്തർ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. മതം മയക്കുമരുന്നാണെന്ന മാർക്സിയൻ നയമാണ് ഇടതു സർക്കാരിനുള്ളത്. സനാതനധര്‍മം പരിപാലിക്കുക എന്നതാണ് അയ്യപ്പന്റെ ദൗത്യം. എന്നാല്‍ അതിനെതിരെയാണ് ഇടതു സര്‍ക്കാരിന്റെ നീക്കമെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.

‘ശബരിമല വിഷയത്തിൽ ഏകാധിപത്യ നിലപാടുമായി മുന്നോട്ടു പോകുന്ന സർക്കാർ ജനാധിപത്യ ലംഘനമാണ് നടത്തുന്നത്. ഹിന്ദുക്കളുടെ വിശ്വാസ അവകാശം ഉറപ്പാക്കാൻ ഏതറ്റംവരെയും പോകുമെന്നും രാജഗോപാൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.