തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് നിയമസഭയിൽ ഉന്നയിച്ച് ചോദ്യം ബിജെപിയുെട ഏക നിയമസഭാംഗം ഒ.രാജഗോപാലിനെ തന്നെ തിരിഞ്ഞു കുത്തി. ഇദ്ദേഹം ഉന്നയിച്ച ചോദ്യവും അതിന് മുഖ്യമന്ത്രി നൽകിയ മറുപടിയുടെയും പകർപ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബിജെപി അംഗം പ്രതിരോധത്തിലായി.

ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് സർക്കാർ ചിലവഴിച്ച തുകയെ കുറിച്ചായിരുന്നു ഒ.രാജഗോപാൽ ചോദിച്ചത്. എന്നാൽ ചോദ്യത്തിനകത്ത് ഇദ്ദേഹത്തിന് കോടതി മാറിപ്പോയി. ഹൈക്കോടതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകനായി ചിലവഴിച്ച തുക എത്രയെന്നറിയാനായിരുന്നു ചോദ്യം. എന്നാൽ ചോദ്യത്തിൽ ഹൈക്കോടതിക്ക് പകരം സുപ്രീം കോടതിയിൽ ഹാജരാകാൻ ഹരീഷ് സാൽവേയ്ക്ക് നൽകിയ തുക എത്രയെന്ന് തെറ്റായി എഴുതി.

ലാവ്ലിൻ കേസിൽ ഹരീഷ് സാൽവേ സുപ്രീം കോടതിയിൽ ഹാജരായില്ലെന്ന മറുപടിയാണ് ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ഈ മാസം 17 നാണ് ഒ.രാജഗോപാൽ എംഎൽഎ ചോദ്യം ഉന്നയിച്ചത്. നക്ഷത്ര ചിഹ്നമിടാത്ത 4166ാമത്തെ ചോദ്യമായിരുന്നു ഇത്.

മെയ് 17 നാണ് ഹരീഷ് സാൽവേ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. എസ്എൻസി ലാവ്‌ലിൻ കന്പനിയുമായി കരാറുണ്ടാക്കിയത് സർക്കാരാണെന്ന് അന്ന് അദ്ദേഹം വാദിച്ചു. കരാറിലെ നടപടികൾ വ്യക്തിപരമല്ലെന്നും കരാർ കൊണ്ട് സർക്കാർ ഖജനാവിനു നഷ്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

സിബിഐയുടെ കുറ്റപത്രം അസംബന്ധമാണ്. നല്ല ഉദ്ദേശ്യത്തോടെയാണ് കരാർ ഉണ്ടാക്കിയത്. ഇതിനെ കെട്ടുകഥകൾ കൊണ്ട് മറയ്ക്കാനാണ് സിബിഐ ശ്രമിക്കുന്നത്. കരാറിനെക്കുറിച്ച് മന്ത്രിസഭയ്ക്ക് അറിയില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിട്ട 94-96 കാലത്ത് കെഎസ്ഇബിയുടെ വാണിജ്യ പുരോഗതിക്ക് വേണ്ടിയായിരുന്നു ലാവ്‌ലിന്‍ കമ്പനിയുമായി ഏറെ കൂടിയാലോചനകൾക്കുശേഷം കരാർ ഉണ്ടാക്കിയത്. മലബാർ കാൻസർ സെന്ററിനു ധനസഹായം നൽകുന്ന കാര്യം കരാറിലുണ്ടായിരുന്നില്ല തുടങ്ങിയ വാദങ്ങൾ നിരത്തിയാണ് പിണറായി വിജയനെ പ്രതിസ്ഥാനത്ത് നിന്ന് മുക്തനാക്കാനുള്ള ശ്രമം ഹരീഷ് സാൽവെ നടത്തിയത്.

നേരത്തെ പിണറായിക്കെതിരൊയ കുറ്റങ്ങൾ സിബിഐ അക്കമിട്ട് നിരത്തിയിരുന്നു. എസ്എൻസി ലാവ്‌ലിൻ കരാറിനു പിണറായി അമിത താൽപര്യം കാണിച്ചു. മന്ത്രിസഭയിൽനിന്ന് യഥാർഥ വസ്തുത മറച്ചുവച്ചു. ലാവ്‌ലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞില്ല. ഇതു മറച്ചുവച്ചാണ് മന്ത്രിസഭയുടെ അനുമതി തേടിയത്. ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പുകളെ സ്വാധീനം ഉപയോഗിച്ച് മറികടന്നു. മലബാർ കാൻസർ സെന്റർ പിണറായിയുടെ സ്വന്തം ആശയമായിരുന്നു. നിയമപരമായി നിലനിൽക്കാത്ത കരാറാണ് ലാവ്‌ലിനുമായി ഉണ്ടാക്കിയത്. ലാവ്‌ലിൻ പ്രതിനിധികളുമായി പിണറായി ഗൂഢാലോചന നടത്തി. ലാവ്‌ലിൻ പ്രതിനിധികൾക്ക് പ്രത്യേക പരിഗണന നൽകി. പിണറായിക്കെതിരെ വിനോദ് റായ് അടക്കം 10 സാക്ഷികളുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ