തിരുവനന്തപുരം: കേരള ഗവർണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണമെന്ന് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ. രാജഗോപാൽ. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം അതിന് പരിഹാരം കണ്ടെത്താനും മാർഗങ്ങളുണ്ട്. ജനങ്ങളുടെ മുന്നിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടപ്പിക്കാതെ സ്വകാര്യ സംഭാഷണത്തിലൂടെ പരിഹാരിക്കാവുന്നതെയുള്ളായിരുന്നു. ഇതിന് പകരം പരസ്പരം കുറ്റം പറഞ്ഞത് നിർഭാഗ്യകരമായെന്നും രാജഗോപാൽ പറഞ്ഞു.

രണ്ട് പേരുടെയും ഭാഗത്ത് തെറ്റുണ്ടായി. രണ്ട് പേരും സംയമനം പാലിക്കണമായിരുന്നു. പരസ്പരം കുറ്റം പറയുന്നത് ആരോഗ്യപരമായ ജനാധിപത്യത്തിന് യോജിച്ചതല്ല. ഭരണാഘടനാപ്രകാരം ഗവർണർ തന്നെയാണ് സംസ്ഥാനത്തിന്റെ തലവനെന്നും എന്നാൽ ജനാധിപത്യത്തിൽ മുഖ്യമന്ത്രിക്ക് സ്ഥാനത്തിന്റേതായ അധികാരമുണ്ടെന്നും  രാജഗോപാൽ.

പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു ഗവര്‍ണറുടെ വാദം. എന്നാൽ സുപ്രീംകോടതിയെ സമീപിച്ചത് സർക്കാർ ഗവർണറെ അറിയിക്കാമായിരുന്നെന്നും രജഗോപാൽ അഭിപ്രായപ്പെട്ടു.

സർക്കാരിന്റേത് നിയമലംഘനമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. താൻ ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നത് നിയമമാണെന്നും ഗവർണർ. ഗവർണറെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമ ലംഘനമല്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിൽ അത് നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

അതേസമയം ഭരണഘടന അനുസരിച്ചു സർക്കാരിന് കോടതിയെ സമീപിക്കാൻ ഗവർണറെ അറിയിക്കേണ്ടതില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. ഗവർണറെ മനപൂർവ്വം അവഗണിച്ചിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി നൽകിയിരിക്കുന്ന വിശദീകരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.