പാലക്കാട്: അതിരപ്പിളളി ജല വൈദ്യുത പദ്ധതി പ്രാവർത്തികമാകാനുളള സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി വ്യക്തമാക്കി. മുന്നണിക്ക് ഉളളിലും പ്രതിപക്ഷവും പരിസ്ഥിതി വാദികളും എതിർക്കുന്നതിനാൽ പദ്ധതി നടക്കാനുളള സാധ്യയില്ല. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അതിരപ്പിളളി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി നേരത്തെ നിയമസഭയിൽ ചോദ്യോത്തരവേളയിൽ വ്യക്തമാക്കിയത് വിവാദമായിരുന്നു. ആ നിലപാടിൽ ഉറച്ചുനിന്ന മന്ത്രിയും സിപിഎമ്മും ഏതാനും മാസങ്ങൾക്കുശേഷമാണ് ആ നിലപാടിൽ നിന്നും പിന്നോട്ട് പോകുന്നത്. സിപിഎമ്മും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും അതിരപ്പിളളി ഉൾപ്പടെയുളള വൻകിട ജലവൈദ്യുതി പദ്ധതികളെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ കെഎസ്ഇബിഒഎയുടെ സമ്മേളനത്തിൽ തന്നെയുളള മന്ത്രിയുടെ അഭിപ്രായപ്രകടനം കേരളത്തിലെ വൈദ്യുതി ഉൽപാദനം സംബന്ധിച്ച സമീപനത്തിൽ മാറ്റം വരുമെന്ന സൂചനയാണിത് നൽകുന്നത്. അതിരപ്പിളളി പദ്ധതി നടപ്പാക്കാനുളള സാധ്യതയില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ മന്ത്രി വൈദ്യുതോൽപ്പാദനത്തിന്റെ മറ്റ് സാധ്യതകളെ കുറിച്ചും വ്യക്തമാക്കി.
Read More:അതിരപ്പിളളി പദ്ധതി: സാമാന്യബുദ്ധിക്കു നേരെ സർക്കാർ കൊഞ്ഞനം കുത്തുന്നു
ഇടുക്കിയിലെയും പാലക്കാടെയും കാറ്റാടി വൈദ്യുതി പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ പിന്തുണ നൽകും. കായംകുളം നിലയത്തെ സംസ്ഥാനത്തിന് പ്രയോജനകരമായ രീതിയിൽ മാറ്റിയെടുക്കാൻ ശ്രമിക്കും. എല്ലാ ജില്ലകളിലെയും നിലവിൽ വന്നിട്ടുളള ചെറുകിട പദ്ധതികളിൽ സാധ്യതയുളളത് മുഴുവൻ നടപ്പാക്കും. ഇതുവഴി മൂന്നൂറ് മെഗാവാട്ട് വൈദ്യുതി കൂടി സമാഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗരോർജ്ജത്തെ കാര്യമായി ആശ്രയിക്കാൻ കഴിയില്ല. എന്നാൽ സൗരോർജ്ജത്തെ വൈദ്യുതി ബോർഡ് തളളിപറയുന്നില്ലെന്നും മന്ത്രി മണി പറഞ്ഞു.
ഈ മാസം 29 ന് സമ്പൂർണ വൈദ്യൂതികരണ സംസ്ഥാന എന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും. ഇടമലക്കുടിപോലെയുളള സ്ഥലങ്ങളിൽ വൈദ്യുതി ലൈൻ സ്ഥാപിക്കാൻ പരിശ്രമിച്ച ഉദ്യോഗസ്ഥർക്ക് പ്രത്യേക പ്രോത്സാഹനം നൽകും.
സോണിയാഗാന്ധി സിപിഎം ജയ് വിളിക്കുമെന്ന ആന്റണിയുടെ പ്രസ്താവന കേട്ടപ്പോൾ സഹതാപമാണ് തോന്നിയത്. ആൻറണിയും സോണിയാഗാന്ധിയും കൂടിയാണ് കോൺഗ്രസിനെ മൃതപ്രായമാക്കിയത്. എന്നിട്ടാണ് സിപിഎമ്മിനെ കൊണ്ട് ജയ് വിളിപ്പിക്കുമെന്ന് പറയുന്നത് അത് കേൾക്കുമ്പോൾ സഹതാപമാണ് തോന്നുന്നതെന്നും മണി പറഞ്ഞു.