കണ്ണൂർ: മൂന്നു ദിവസമായി കണ്ണൂരിൽ നഴ്സിംഗ് വിദ്യാർഥികൾ നടത്തിവന്ന സമരം പിൻവലിച്ചു. കളക്ടറുമായുള്ള ചര്‍ച്ചയില്‍ സമരം നിര്‍ത്താന്‍ ധാരണയാവുകയായിരുന്നു. നഴ്സുമാരുടെ സമരം നേരിടുന്നതിനായി അവസാന വർഷ നഴ്സിംഗ് വിദ്യാർഥികൾ ആശുപത്രികളിൽ ജോലിക്കു കയറണമെന്ന ഉത്തരവും കളക്ടർ മരവിപ്പിച്ചു. സമരം നടത്തിയ വിദ്യാർഥികൾക്കേതിരെ യാതൊരു നടപടികളും സ്വീകരിക്കില്ലെന്നും കളക്ടർ ഉറപ്പു നല്‍കി.

നഴ്സുമാരുടെ സമരം നേരിടാന്‍ നഴ്സിംഗ് വിദ്യാർഥികൾ ജോലിക്കു കയറണമെന്ന കളക്ടറുടെ ഉത്തരവിനെതിരെ വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ പഠിപ്പുമുടക്കി സമരം നടത്തി വരികയായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജൂലൈ 20ന് നടക്കുന്ന ചര്‍ച്ചയില്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളും നഴ്‌സിങ് കൗണ്‍സിലും നഴ്‌സിങ് മേഖലയിലെ സംഘടനകളും കളക്ടര്‍ക്കെതിരായിരുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മാത്രമാണ് കളക്ടറുടെ നടപടി ശരിവെച്ച് സംസാരിച്ചത്. സി.പി.എം കളക്ടറെ തള്ളിപ്പറഞ്ഞതോടെ മന്ത്രിയുടെ പിന്തുണ അപ്രസക്തമായി. ഇതോടെ നഴ്‌സുമാരുടെ സമരം നഴ്‌സിങ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് നേരിടാനുള്ള നീക്കത്തില്‍ കളക്ടര്‍ ഒറ്റപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉത്തരവ് മരവിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ