കണ്ണൂർ: കണ്ണൂരിലെ നഴ്സുമാരുടെ സമരം നേരിടാനുള്ള കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധവുമായി നഴ്സിംഗ് വിദ്യാർഥികൾ. പരിയാരം സഹകരണ നഴ്സിംഗ് കോളജിലെ വിദ്യാർഥികളാണ് ജോലിക്ക് എത്താതെ പ്രതിഷേധിക്കുന്നത്. കളക്ടറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു.

ആശുപത്രി രജിസ്ട്രറില്‍ പോലും പേരില്ലാത്ത വിദ്യാര്‍ത്ഥികളെ ആശുപത്രി സേവനത്തിനായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഇന്ത്യൻ നേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഉത്തരവിനെതിരെ പ്രതിഷേധവുമായി ബുധനാഴ്ച കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഉത്തരവ് പാലിക്കാത്ത കോളേജുകള്‍ക്കെതിരേയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഇന്നലെ തന്നെ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. സമരത്തെ നേരിടാന്‍ കണ്ണൂരില്‍ കളക്ടര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സമരം നടക്കുന്ന ആശുപത്രികളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

സമരം ശക്തമാവുന്ന സാഹചര്യത്തിലും ജില്ലയില്‍ പനി പടരുന്ന പശ്ചാത്തലത്തിലുമാണ് വിദ്യാര്‍ത്ഥികളെ ആശുപത്രികള്‍ക്ക് വിട്ടു കൊടുക്കണമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ജില്ലയിലെ എട്ട് നേഴ്‌സിംഗ് കോളേജുകള്‍ക്കാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ആശുപത്രികളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യം ലഭ്യമാക്കണമെന്നും 150 രൂപ പ്രതിദിന വേതനം നല്‍കണമെന്നും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ