കോഴിക്കോട്: നഴ്സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ് ഇരുവരുമെന്നാണ് ലഭിക്കുന്ന വിവരം.
നഗരത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരേയും മൊബൈല്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ലൊക്കേഷന്‍ മനസിലാക്കിയാണ് പിടികൂടിയത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും. ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കുക.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗഹൃദം നടിച്ച് ലോഡ്ജില്‍ കൂട്ടിക്കൊണ്ട് പോയി മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതികള്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
കോഴിക്കോട് പേയിങ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിനി. പ്രതികളും എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയും പ്രാഥമിക ചോദ്യം ചെയ്യലിനും ശേഷമാണ് കസബ പൊലീസ് കേസെടുത്തത്.