കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌‌മെന്റ് തട്ടിപ്പ് കേസിൽ പ്രധാന പ്രതിയായ ഉതുപ്പ് വർഗീസ് അറസ്റ്റിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഉതുപ്പിനെ സിബിഐ അറസ്റ്റ് ചെയ്‌തത്. അബുദാബിയിൽ നിന്നാണ് ഇയാൾ നെടുമ്പാശ്ശേരിയിലെത്തിയത്. ഉതുപ്പ് വർഗീസിനെതിരെ സിബിഐ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇന്ന് പുലർച്ചെ മൂന്നേകാലോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഉതുപ്പിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അൽ സറാഫ മാൻപവർ കൺസൾറ്റന്റ്സ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ കൊച്ചി ഓഫിസിന്റെ നടത്തിപ്പുകാരനാണ് ഉതുപ്പ് വർഗീസ്. 19500 രൂപ ഫീസ് നിരക്കിൽ നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് ഉതുപ്പ് കരാർ നേടിയത്. എന്നാൽ ഉദ്യോഗാർഥികളിൽ നിന്ന് ഇതിനായി 19.50 ലക്ഷം രൂപയാണ് ഉതുപ്പ് ഇടാക്കിയിരുന്നത്. ഇങ്ങനെ കൈവശപ്പെടുത്തിയ 300 കോടി രൂപ ഹവാലയായി ദുബായിലേക്കു കടത്തിയ കേസും ഇപ്പോൾ നിലവിലുണ്ട്.

വൻ തട്ടിപ്പ് നടത്തി കുവൈത്തിലെത്തിച്ച നഴ്സുമാരെ വീണ്ടും കബളിപ്പിച്ച് നിയമന തിരിമറിയിലൂടെ പിന്നെയും കോടികള്‍ തട്ടിയെടുത്തു. 1629 നഴ്സുമാരില്‍ നിന്നായാണ് ഏകദേശം 20 ലക്ഷം രൂപ വീതം ഉതുപ്പ് വാങ്ങിയത്. ഇതിൽ 1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്. അതില്‍തന്നെ 1200 പേര്‍ വിദേശത്തേക്ക് പോയിരിക്കുമെന്നാണ് സിബിഐ കണക്കാക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തില്‍ നിയമനം നല്‍കാമെന്ന ഉറപ്പില്‍ കുവൈത്തിലെത്തിച്ച നഴ്സുമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ നിയമനം നല്‍കി എന്നും പരാതിയുയർന്നിട്ടുണ്ട്. ഉതുപ്പ് വര്‍ഗീസിന്റെ റിക്രൂട്ടിങ് ഏജന്‍സിയായ അല്‍ സറാഫ കൊച്ചിയില്‍ നഴ്സുമാരില്‍ നിന്ന് ശേഖരിക്കുന്ന പണം കുവൈത്തില്‍ എത്തിച്ചിരുന്നത് സുരേഷ് ബാബു എന്ന ആളാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. സുരേഷ് ബാബുവും കേസിലെ പ്രതിയാണ്. ഇതുകൂടാതെ, ഉതുപ്പ് വര്‍ഗീസിന്റെ ഭാര്യ സൂസന്‍ വര്‍ഗീസും കേസിൽ പ്രതിയാണ്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കുവൈത്ത് പൊലീസ് ഉതുപ്പിനെ അറസ്റ്റുചെയ്‌തെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. കുവൈത്തില്‍ മാധ്യമപ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നായിരുന്നു അന്ന് അറസ്റ്റ് ചെയ്‌തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ