/indian-express-malayalam/media/media_files/uploads/2017/01/nurse-representation.jpg)
കോഴിക്കോട്: നിപ്പ ബാധിതരെ പരിചരിച്ച നഴ്‌സുമാരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടതായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആരോപണം. ആശുപത്രിയിലെ മൂന്ന് ട്രെയിനി നഴ്‌സുമാരെയാണ് പിരിച്ചുവിട്ടതായി പരാതി ഉയർന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ആശുപത്രി മാനേജർ സലിം ഐഇ മലയാളത്തോട് പറഞ്ഞു.
അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്ത് വന്നിരുന്ന മൂന്ന് ട്രെയിനി നഴ്‌സുമാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. ഇതേക്കുറിച്ച് യുഎൻഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഭീഷ് പറഞ്ഞത് ഇങ്ങിനെ. "കഴിഞ്ഞ ദിവസമാണ് ചീഫ് നഴ്‌സിങ് ഓഫീസർ ആദ്യത്തെയാളോട് ഇന്നലെ മുതൽ ജോലിക്ക് വരേണ്ടെന്ന് പറഞ്ഞത്. മറ്റൊരാളോട് 11-ാം തീയതി മുതലും അടുത്തയാളോട് 20 മുതലും ജോലിക്ക് വരേണ്ടെന്നാണ് പറഞ്ഞത്," അഭീഷ് പറഞ്ഞു.
"നിപ്പ ബാധ ആദ്യം തിരിച്ചറിഞ്ഞ ഡോക്‌ടർ അനൂപിനൊപ്പം അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്ത നഴ്‌സുമാരാണിവർ. ഇപ്പോൾ നിപ്പ ബാധയെ തുടർന്ന് നിരീക്ഷണത്തിലുളളവരുമാണ്," അഭീഷ് പറഞ്ഞു.
പക്ഷേ നിപ്പ ബാധിതരെ പരിചരിച്ച നഴ്‌സുമാരായത് കൊണ്ടല്ല മൂന്ന് പേരോട് ജോലിക്ക് വരേണ്ടെന്ന് പറഞ്ഞതെന്ന് സലിം വിശദീകരിച്ചു. "കാലങ്ങളായി തുടർന്നുവരുന്ന നടപടി ക്രമമാണ് ഇത്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ട്രെയിനി ബാച്ചിൽ നിന്നുളളവരെ സ്റ്റാഫാക്കി ഉയർത്തുക. എച്ച്ആർ വിഭാഗത്തിന്റെ വിശകലനത്തിന് ശേഷം മോശം പ്രകടനമാണെന്ന് തോന്നിയവരോടാണ് വരേണ്ടെന്ന് പറഞ്ഞത്. ഇക്കാര്യത്തിൽ മറ്റുളള ആരോപണങ്ങളൊന്നും ശരിയല്ല," അദ്ദേഹം പറഞ്ഞു.
അതേസമയം ഇതോടനുബന്ധിച്ച് മറ്റ് ചില ആരോപണങ്ങളും യുഎൻഎ കോഴിക്കോട് ഭാരവാഹിയായ അഭീഷ് ഉന്നയിച്ചു. "800 കിടക്കകളുളള ആശുപത്രിയായിരുന്നു അത്. വേതന പരിഷ്കരണ ചട്ടം വന്നപ്പോൾ കിടക്കകളുടെ എണ്ണം 495 ആയി കുറഞ്ഞു. രോഗികളില്ലെന്നാണ് പറഞ്ഞത്. 60 ഓളം നഴ്‌സുമാർ ഇപ്പോഴുളളത് ട്രയിനി വിഭാഗത്തിലാണ്. ഇവരെയെല്ലാവരെയും പുറത്താക്കുമെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം," അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ നഴ്‌സുമാരെ പിരിച്ചുവിട്ടതും കിടക്കളുടെ കണക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സലിം വിശദീകരിച്ചു. "പല വിഭാഗങ്ങളിലും കിടക്കകളുടെ അത്രയും രോഗികൾ ഞങ്ങൾക്കുണ്ടാവാറില്ല. അതൊക്കെ പരിശോധിച്ചാണ് ആരോഗ്യവകുപ്പ് കിടക്കളുടെ എണ്ണം കുറച്ചത്. അതും നഴ്‌സുമാരുടെ കാര്യവും തമ്മിൽ ബന്ധമൊന്നും ഇല്ല. പിന്നെ എത്ര പേരോട് ജോലിക്ക് വരേണ്ടെന്ന് പറഞ്ഞെന്നത് എനിക്ക് എച്ച് ആർ വിഭാഗത്തിൽ ചോദിച്ച് മാത്രമേ പറയാനൊക്കൂ," അദ്ദേഹം വിശദീകരിച്ചു.
നേരത്തെ നിപ്പ ആദ്യം ബാധിച്ച പേരാമ്പ്ര സൂപ്പിമുക്ക് വളച്ചുകെട്ടി വീട്ടിലെ കുടുംബാംഗങ്ങളെ പ്രവേശിപ്പിച്ചത് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ്. അസാധാരമാണ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവിടുത്തെ ഡോക്ടർമാർ മണിപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടിരുന്നു.
ഇതേ തുടർന്നാണ് രോഗം വേഗത്തിൽ തിരിച്ചറിയാൻ സാധിച്ചത്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചത്.
"ഈ സംഭവത്തിൽ എന്താണ് ചെയ്യേണ്ടതെന്ന ആലോചനകൾ നടക്കുന്നുണ്ട്. നിപ്പ വൈറസ് ബാധിതരെ ചികിത്സിച്ച നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്. അത്ര മോശം പ്രവർത്തനമായിരുന്നെങ്കിൽ എന്തുകൊണ്ടാണ് ഇവരെ നിപ്പ വൈറസ് പോലെ അതീവ ഗുരുതരമായ അസുഖത്തിന് പരിചരിക്കാൻ ചുമതലപ്പെടുത്തിയതെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കേണ്ടതാണ്. നഴ്‌സുമാരും ആശുപത്രി മാനേജ്മെന്റും തമ്മിൽ ഈ വിഷയത്തിൽ ചർച്ച നടത്തും," യുഎൻഎയുടെ സംസ്ഥാന അദ്ധ്യക്ഷൻ ജാസ്‌മിൻ ഷാ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പ്രതികരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.