തിരുവനന്തപുരം: കെവിഎം ഹോസ്‌പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നഴ്‌സുമാർ നാളെ പണിമുടക്കും. സംസ്ഥാനത്തെ സ്വകാര്യ- സഹകരണ ആശുപത്രികളിലെ നഴ്‌സുമാരാണ് നാളെ പണിമുടക്കുക. 15ന് രാവിലെ ഏഴ് മണി മുതല്‍ 16ന് രാവിലെ ഏഴ് മണി വരെയാണ് പണിമുടക്കുന്നതെന്ന് യുണൈറ്റഡ് നഴ്‌സ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നുമുളള ആവശ്യങ്ങളും പണിമുടക്കിൽ ഉന്നയിക്കുന്നുണ്ട്. ഇതേ ആവശ്യമുന്നയിച്ച് മരണം വരെ നിരാഹാര സമരം അനുഷ്ഠിക്കുന്ന യുഎന്‍എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി അരലക്ഷത്തോളം നഴ്‌സുമാര്‍ 15ന് ചേര്‍ത്തലയിലെ സമരപന്തലിലെത്തും.

നിരാഹാര സമരം ചൊവ്വാഴ്ച ആറ് ദിവസം പിന്നിട്ടതോടെ സുജനപാലിന്റെ ആരോഗ്യം കൂടുതല്‍ മോശമായിരിക്കുകയാണ്. സമരത്തിലിരിക്കുന്ന നഴ്‌സുമാര്‍ പരിശോധിച്ചതില്‍ രക്ത സമ്മര്‍ദ്ദത്തിൽ തുടരെ വ്യതിയാനം കണ്ടെത്തി. ഇതുവരെ ജില്ലാ ഭരണകൂടമോ, ആരോഗ്യ വകുപ്പ് അധികൃതരോ സുജനപാലിനെ പരിശോധിക്കാനെത്തിയിട്ടില്ല. മരണം വരെ നിരാഹാരം തുടരാനാണ് തീരുമാനമെന്ന് സുജനപാല്‍ വ്യക്തമാക്കി.

കെവിഎം നഴ്‌സിങ് സമരം ഫെബ്രുവരി 15ന് 180 ദിവസം പിന്നിടുകയാണ്. നഴ്സുമാരുടെ ശമ്പളപരിഷ്‌കരണ നടപടികള്‍ വൈകുകയും സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധ മാറിപ്പോവുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രി മേഖല വീണ്ടും കലുഷിതമായി. പരിചയസമ്പന്നരായ രണ്ട് നഴ്സുമാരെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെവിഎമ്മില്‍ സമരം തുടങ്ങേണ്ടിവന്നത്. പ്രതികാരനടപടികള്‍ പാടില്ലെന്ന നിര്‍ദ്ദേശം വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണിവിടെ നഴ്സുമാര്‍ക്കെതിരെ നടപടിയെടുത്തത്.

2013ലെ മിനിമം വേജസ് നടപ്പിലാക്കി അനുവദിക്കണമെന്നാണ് മാനേജ്മെന്റിനോട് ഇവിടെ നഴ്സുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 2013ല്‍ പരിഷ്‌കരിച്ച ശമ്പളമോ ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങളോ ഒന്നും തന്നെ അനുവദിക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. നിലവില്‍ 14 ഉം 16ഉം മണിക്കൂറുകളാണ് അവിടെ ജോലി ചെയ്തിരുന്നത്. അവകാശ നോട്ടീസ് നിയമപ്രകാരം നല്‍കുകയും നിരവധി തവണ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിലെല്ലാം മാനേജ്മെന്റ് നിഷേധ നിലപാട് സ്വീകരിച്ചതോടെയാണ് നഴ്സുമാര്‍ കെവിഎമ്മില്‍ സമരത്തിനിറങ്ങിയത്.

ഞായറാഴ്ച യുഎന്‍എ നടത്തിയ പ്രക്ഷോഭത്തിന് നേരെ പൊലീസ് ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടു. സ്ത്രീകളായ നൂറുകണക്കിന് നഴ്സുമാര്‍ക്കുനേരെ പുരുഷ പൊലീസുകാര്‍ നടത്തിയ അതിക്രമം ന്യായീകരിക്കാനാവുന്നതല്ല. ചേര്‍ത്തല സ്റ്റേഷന്‍ ചുമതലയുള്ള മോഹന്‍ലാല്‍ എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുന്‍വരിയിലുണ്ടായ വനിതാ നഴ്സുമാരുടെ ദേഹത്ത് കൈവച്ചും ലാത്തികൊണ്ടും മര്‍ദ്ദിച്ചതായി ഭാരവാഹികൾ ആരോപിച്ചു. റോഡില്‍ കുത്തിയിരിപ്പ് നടത്തിയിരുന്ന യുഎന്‍എ സംസ്ഥാന പ്രസിഡന്റുള്‍പ്പടെയുള്ള മുഴുവന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും അടിച്ച് പരുക്കേല്‍പ്പിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും സിഐ അതിക്രൂരമായാണ് പെരുമാറിയത്.

യുഎന്‍എ അധ്യക്ഷന്‍ റോഡ് ഉപരോധ സമരം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കെ ഡിവൈഎസ്‌പി എ.ജി ലാലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസുകാർ നഴ്സുമാരെ പൊതിരെ തല്ലുകയാണുണ്ടായതെന്ന് അവർ ആരോപിച്ചു. അമ്പതിലേറെ യുഎന്‍എ പ്രവര്‍ത്തകര്‍ക്കാണ് പൊലീസ് ലാത്തിചാര്‍ജ്ജില്‍ പരുക്കേറ്റത്. ഇതിന് പുറമെ യുഎന്‍എ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണിമുടക്കും ചേര്‍ത്തലയിലെ ഐക്യദാര്‍ഢ്യ സംഗമവും ചരിത്രസംഭവമാക്കുമെന്ന് യുഎന്‍എ ഭാരവാഹികൾ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.