സാധാരണക്കാരുടെ ആശ്രയമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. ദിനംപ്രതി ആയിരക്കണക്കിനുപേരാണ് സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നത്. രോഗികളുടെ എണ്ണം കൂടുമ്പോഴും അവരെ പരിചരിക്കാനായി വേണ്ടത്ര നഴ്സുമാര്‍ ഇല്ലാത്ത അവസ്ഥയാണ് പല സര്‍ക്കാര്‍ ആശുപത്രികളിലുമുള്ളത്. ഇതിനു പരിഹാരമായി സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാരുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.
1961ല്‍ പ്രാബല്യത്തില്‍ വന്ന സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും ആശുപത്രികളില്‍ നിലനില്‍ക്കുന്നത്. നാലു രോഗികള്‍ക്ക് ഒരു നഴ്സ് എന്ന അനുപാതത്തിലാണ് ആശുപത്രികളില്‍ നഴ്സുമാര്‍ വേണ്ടത്. എന്നാല്‍ 60 മുതല്‍ 80 വരെ രോഗികള്‍ക്ക് ഒരു നഴ്സ് എന്ന നിലയിലാണ് മിക്ക സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം. മെഡിക്കല്‍ കോളേജുകളില്‍ 100 മുതല്‍ 110 വരെയാണ് ഒരു നഴ്സിനു പരിചരിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണം. ഇത്രയും നഴ്സുമാരുടെ അപര്യാപ്തത ഉണ്ടായിട്ടും 55 വര്‍ഷം പഴക്കമുള്ള സ്റ്റാഫ് പാറ്റേണ്‍ ഇതുവരെയും പരിഷ്കരിച്ചിട്ടില്ല.
മാറുന്ന ജീവിതസാഹചര്യങ്ങളും ജനസാന്ദ്രതയുമെല്ലാം രോഗങ്ങള്‍ വര്‍ധിക്കാനും രോഗികളുടെ എണ്ണം വര്‍ധിക്കാനും ഇടയാക്കി. ഇതു സ്പെഷ്യാലിറ്റി ആശുപത്രികളും സൂപ്പര്‍ സ്പെഷ്യാലിറ്റികളും തുടങ്ങാന്‍ കാരണമായി. എന്നാല്‍ രോഗികളുടെ എണ്ണത്തിനു ആനുപാതികമായി ജീവനക്കാരുടെ എണ്ണം ആരോഗ്യ മേഖലയില്‍ വര്‍ധിപ്പിച്ചിട്ടില്ല. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് രോഗിയെ പരിചരിക്കാന്‍ വേണ്ടുന്ന സാഹചര്യമൊരുക്കലും. അതിനായി നഴ്സുമാരേയും അനുബന്ധമായി പ്രവര്‍ത്തിക്കുന്നവരുടേയും എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതാണ്. എന്‍ആര്‍എച്ച്എം പോലുള്ള പദ്ധതികളിലൂടെ താല്‍ക്കാലികമായി നഴ്സുമാരെ എടുക്കുന്നുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. മാത്രമല്ല, ഇതുമൂലം സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരണം നീണ്ടു പോകുന്നു.
മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും 1961 നു ശേഷം ഒട്ടേറെ പുതിയ ചികിത്സാ വിഭാഗങ്ങളും അത്യാധുനിക സൗകര്യങ്ങളും വന്നു. ഇതോടനുബന്ധമായി ഡോക്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. അപ്പോഴും നഴ്സുമാരുടെ എണ്ണത്തില്‍ മാറ്റമുണ്ടായില്ല. നിലവില്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസില്‍ (ഡിഎച്ച്എസ്) 6,014 നഴ്സുമാരും വിവിധ മെഡിക്കല്‍ കോളജുകളിലുമായി 2500 ലധികം നഴ്സുമാരുമുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഇതു വളരെ കുറവാണ്. നിലവിലെ അവസ്ഥയയിൽ ആവശ്യമായതിന്റെ മൂന്നിലൊന്ന് പോലും നഴ്സുമാർ സർക്കാർ ആശുപത്രികളിലില്ല.
ഇതുമൂലം രോഗികള്‍ക്ക് വേണ്ടത്ര പരിചരണം നല്കാന് പലപ്പോഴും നഴ്സുമാര്‍ക്ക് സാധിച്ചെന്ന് വരില്ല. നൂറും ഇരുനൂറും രോഗികളെ ഒരേസമയം പരിചരിക്കേണ്ടി വരുന്നതും നഴ്സുമാരെ ദുരിതത്തിലാക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ സ്റ്റാഫ് പാറ്റേണ്‍ വര്‍ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ അതു നടപ്പിലായിട്ടില്ല.
ആർദ്രം പദ്ധതിയുടെ കീഴിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് എൽഡിഎഫ് സർക്കാർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന്(കെജിഎൻഎ) സംസ്ഥാന സെക്രട്ടറി സുബ്രമണ്യൻ പറയുന്നു. പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പ്രശ്നം കുറച്ചെങ്കിലും പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കാത്തിടത്തോളം കാലം ശാശ്വത പരിഹാരമുണ്ടാകില്ല.
സര്‍ക്കാരുമായി ചര്‍ച്ചകള്‍ നിരന്തരം നടത്തുന്നുണ്ടെന്നും സ്റ്റാഫ് പാറ്റേണ്‍ വര്‍ധിപ്പിക്കാതെ ആശുപത്രികളുടെ പ്രവര്‍ത്തനം മികവുറ്റതാക്കി മാറ്റാനാകില്ലെന്നും കെജിഎൻഎ പ്രസിഡന്റ് ഉഷ ദേവി പറഞ്ഞു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനാണ് അടിയന്തര പ്രാധാന്യം നല്‍കുന്നതെന്നും സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്നും ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ ഇന്ത്യന്‍ എക്സ്പ്രസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.
സ്റ്റാഫ് പാറ്റേണ്‍ പുതുക്കാത്തതിനൊപ്പം നിലവിലുള്ള തസ്തികകളില്‍ ഒഴിവ് നികത്താത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. എല്ലാ ജില്ലകളിലെയും നഴ്സിങ് ഓഫിസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഗ്രേഡ് 1 സ്റ്റാഫ് നഴ്സ് തസ്തികയില്‍ ഇപ്പോഴും നാനൂറോളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഗ്രേഡ് 2 നഴ്സിങ് സൂപ്രണ്ട് തസ്തികയില്‍ 85 സീറ്റും. തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് നഴ്സുമാരുടെ പ്രമോഷനെയും ബാധിക്കുന്നുണ്ട്. വിരമിക്കല്‍ പ്രായം ആയിട്ടും ഉയര്‍ന്ന തസ്തികകളിലേക്ക് പ്രമോഷന് ലഭിക്കാത്ത നഴ്സുമാരും ചുരുക്കമല്ല. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്താതെയും സ്റ്റാഫ് പാറ്റേണ്‍ കാലാനുസൃതം പരിഷ്കരിക്കാതെയും ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല.