തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന തർക്കത്തിൽ തീരുമാനമാകുന്നില്ല. വേതന വ്യവസ്ഥകളിലെ അപകാതകളെ ചൊല്ലി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നാളെ കേരള ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി.

അതേസമയം വർദ്ധിപ്പിച്ച വേതനം നൽകാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ആശുപത്രി മാനേജ്മെന്റുകൾ. ഇവർ നാളെ തൊഴിൽ മന്ത്രിയെ കാണുമെന്നും കേരള ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകാനാവില്ലെന്ന് മാനേജ്മെന്റുകൾ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. മാനേജ്മെന്റുകൾ ഇക്കാര്യം തൊഴിൽ മന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ഇക്കാര്യം ഹൈക്കോടതിയിൽ അവതരിപ്പിക്കാനും ഇന്ന് ചേർന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ യോഗത്തിൽ തീരുമാനമായി.

ട്രെയിനി നഴ്‌സുമാരുടെ വേതനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വീണ്ടും പരാതി ഉന്നയിച്ചിരിക്കുന്നത്. അതേസമയം തന്നെ വേതനത്തോടൊപ്പമുളള വിവിധ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയ തീരുമാനത്തിനെതിരെയും കോടതിയിൽ ഇവർ പരാതി പറയും.

നഴ്‌സുമാർക്കടക്കം ആശുപത്രി ജീവനക്കാർക്കെല്ലാം വേതനം വർദ്ധിപ്പിച്ച് നൽകിയാൽ രോഗികളിൽ നിന്ന് 120 ശതമാനം വരെ അധികം നിരക്ക് ഈടാക്കേണ്ടി വരുമെന്നാണ് മാനേജ്മെന്റുകളുടെ വാദം. ഈ വാദത്തിൽ ഊന്നി നിന്നാണ് വേതന വർദ്ധനവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

ആശുപത്രികളെ അവിടുത്തെ കിടത്തി ചികിത്സയ്ക്കുളള സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ പല ഗ്രേഡുകളാക്കി തിരിച്ചായിരുന്നു സംസ്ഥാന സർക്കാർ വേതന വർദ്ധനവ് എന്ന ഉത്തരവിറക്കിയത്. 20000 രൂപ മുതൽ 30000 രൂപ വരെയാണ് അടിസ്ഥാന വേതനമായി നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ നേരത്തേ തന്നെ മാനേജ്മെന്റ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. ഇത് നൽകാനാവില്ലെന്ന് അവർ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ