തിരുവനന്തപുരം: മിനിമം വേതനമായി 20000 രൂപ നല്‍കുക എന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രിയുടെ ചേന്പറിലാണ് ചര്‍ച്ച. രാവിലെ 11 മണിക്ക് മിനിമം വേജസ് കമ്മിറ്റിയുടെ യോഗവും നടക്കുന്നുണ്ട്. അതേസമയം, സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.

കഴിഞ്ഞആഴ്ച മൂന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ആശുപത്രിമാനേജ്‌മെന്റും വ്യവസായ ബന്ധസമിതിയും നഴ്‌സുമാരും ചര്‍ച്ച നടത്തിയരുന്നെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നില്ലെ. മിനിമം വേതനം 17200 രൂപയാക്കാമെന്ന ശുപാര്‍ശ നഴ്‌സുമാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ശക്തമായ സമരവുമായി നഴ്‌സുമാര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് മുഖ്യമന്ത്രി ചര്‍ച്ച വിളിച്ചിരിക്കുന്നത്.

നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ഹൈക്കോടതിയുടെ ശ്രമവും ഇന്നലെ പരാജയപ്പെട്ടിരുന്നു. ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല ധാരണയായില്ല. 20,000 രൂപ അടിസ്ഥാന ശമ്പളം ആക്കണമെന്ന നിലപാടിൽ നഴ്സിങ്ങ് സംഘടനകൾ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇത് അനുവദിക്കാനാകില്ലെന്ന് മാനേജ്മെന്റുകൾ നിലപാട് എടുത്തു. അടിസ്ഥാന ശമ്പളം 17,500 വരെ ആക്കാം എന്നുള്ള സർക്കാർ നിർദേശം അനുസരിക്കാമെന്ന് മാനേജ്മെന്റുകൾ അറിയിച്ചെങ്കിലും നഴ്സിങ്ങ് സംഘടനകൾ അംഗീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് നാളെ കൂട്ടഅവധി എടുത്ത് പ്രതിഷേധിക്കാൻ നഴ്സിങ്ങ് സംഘടന യുഎൻഎ അറിയിച്ചു.

336 ആശുപത്രികളിൽ സംഘടന രൂപീകരിച്ചിട്ടുള്ള യുഎൻഎയുടെ എല്ലാ അംഗങ്ങളും നാളെ പണിമുടക്കുമെന്ന് സംഘടന നേതാക്കൾ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ