ചേർത്തല: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് സംസ്ഥാന വ്യാപക പണിമുടക്കിന് ഒരുങ്ങുന്നത്. ചേർത്തല കെ വി എം ആശുപത്രിയിലെ നഴ്‌സ്മാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം സംസ്ഥാന വ്യപകമാക്കുന്നത്. നാളെ പണിമുടക്ക് നോട്ടീസ് നൽകും.

കഴിഞ്ഞ ആറ് മാസമായി ചേർത്തല കെ വി എം ആശുപത്രിയിൽ നഴ്സുമാർ സമരത്തിലാണ്.  നേരത്തെ സർക്കാർ ഇടപെട്ട് സമരം ഒത്തുതീർപ്പാക്കയിങ്കിലും  തീരുമാനം   നടപ്പാക്കാത്തിൽ പ്രതിഷേധിച്ചാണ് സമരം തുടരുന്നത്. സമരത്തിൽ​ പങ്കെടുക്കുന്ന  113 നഴ്സുമാരെയും തിരിച്ചെടുക്കാൻ കഴിയില്ലെന്നും സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചയുളളൂവെന്നും എന്നുമാണ് കെ വി എം  മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്ന  നിലപാടെന്ന് യു എൻ എ പറയുന്നു.

ഇന്ന് രാവിലെ ഏഴ് മണി മുതൽ ചേർത്തല കെവിഎം ആശുപത്രിയിലെ വിഷയം ഉന്നയിച്ച് നിരാഹാരം കിടക്കുന്ന സുജനപാലിന് പിന്തുണ പ്രഖ്യാപിച്ച് നഴ്‌സുമാരുടെ 24 മണിക്കൂർ സമരം തുടരുകയാണ്. ഇന്ന് രാവിലെ ഏഴ് മണിമുതൽ നാളെ രാവിലെ ഏഴ് മണിവരെയാണ് സമരം. അരലക്ഷത്തോളം നഴ്‌സുമാരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 24 മണിക്കൂർ സമരത്തിൽ പങ്കെടുക്കുന്നത്. ഇന്നത്തെ ഉപരോധ സമരം ​വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. എന്നാൽ സംസ്ഥാന വ്യാപകമായ 24 മണിക്കൂർ സമരം നാളെ രാവിലെ ഏഴ് മണിയോടെ മാത്രമേ അവസാനിക്കുകയുളളൂവെന്ന് യു എൻ എ ഭാരവാഹികൾ അറിയിച്ചു.

സ്വകാര്യ, സഹകരണ ആശുപത്രികളിലെ നഴ്‌സുമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുളള നഴ്‌സുമാരാണ്​ സമരത്തിൽ​ പങ്കെടുക്കാനെത്തിയത്. നഴ്സുമാരുടെ സമരം കാരണം ഈ​ഭാഗത്ത് കടുത്ത ഗതാഗത തടസ്സം ഉണ്ടായി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുളള ജില്ലകളിൽ നിന്നുളള ആയിരക്കണക്കിന് നഴ്‌സുമാരാണ് ചേർത്തലയിൽ സമരത്തിന് എത്തിച്ചേർന്നത്. അവർ മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും ദേശീയ  പാതയോരത്ത് സമരം ചെയ്തു. സമരം ശക്തമായതോടെ ഗതാഗതം സ്തംഭിക്കുകയായിരുന്നു.

ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്‍പില്‍ ദേശീയപാത ഉപരോധിച്ച നഴ്സുമാര്‍ക്ക് നേരെ ഞായറാഴ്ച ലാത്തിച്ചാര്‍ജ്ജ് നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ 24 മണിക്കൂർ സമരം. ഇതേസമയം നഴ്സുമാരുടെ സമരത്തിനെതിരെ തിരുവനന്തപുരത്തെ ഒരു സംഘടന ഹൈക്കോടതിയെ സമീപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ