കണ്ണൂര്‍: നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ആഗ്രഹം നിറവേറ്റി കുടുംബം പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍. ഇളയ മകന്‍ സിദ്ധാര്‍ത്ഥന്റെ ചോറൂണ് മുത്തപ്പന്‍ സന്നിധിയില്‍ വേണമെന്നായിരുന്നു ലിനിയുടെ ആഗ്രഹം. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ലിനി നേര്‍ന്ന നേര്‍ച്ചയായിരുന്നു ഇത്.
ലിനിയുടെ സാന്നിധ്യമില്ലാതെ മുത്തപ്പനു മുന്നില്‍ വച്ച് സിദ്ധാര്‍ത്ഥന്റെ ചോറൂണും തുലാഭാരവും നടത്തി. പിതാവ് സജീഷിന്റെ മടിയിലിരുന്നാണ് സിദ്ധാര്‍ഥിന്റെ ചോറൂണ് നടത്തിയത്. ലിനിയുടെ മൂത്തമകന്‍ ഋതുല്‍, അമ്മ രാധ, സഹോദരി ലിജി എന്നിവരും കൂടെയുണ്ടായിരുന്നു. ധര്‍മശാല വൈസ്മെന്‍ ക്ലബ്ബ് വൈകീട്ട് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിലും പങ്കെടുത്തു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കിയെങ്കിലും രോഗ മുക്തയായില്ല. ഒടുവില്‍ അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.