തിരുവനന്തപുരം: നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി. നിപ്പ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനിടെ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു ലിനി. ഭര്‍ത്താവ് സജീപ് പിയ്ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്. അപ്പോയിന്റ് ചെയ്തു കൊണ്ടുള്ള കത്ത് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.
കോഴിക്കോട് ഡിഎംഒ ഓഫീസില്‍ എല്‍ഡി ക്ലാര്‍ക്കായാണ് നിയമനം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. നിപ്പ ബാധിച്ച് ചികില്‍സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും നിപ്പ സ്ഥിരീകരിച്ചത്. ചികില്‍സയിലായിരുന്ന ലിനി മെയ് 21ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മനാമയില്‍ അക്കൗണ്ടന്റായിരുന്ന ലിനിയുടെ ഭര്‍ത്താവ് ലിനിക്ക് നിപ്പ സ്ഥിരീകരിച്ചതോടെ നാട്ടിലെത്തിയിരുന്നു.
നിപ്പ ബാധിച്ച് മരിച്ച ലിനിയുടെ വിവരങ്ങള്‍ പുറത്ത് വന്നതോടെ ലിനിയുടെ രണ്ടു കുട്ടികളുടെയും ബിരുദാനന്തര ബിരുദം വരെയുള്ള സമ്പൂര്‍ണ പഠന ചെലവ് പ്രവാസി വനിതകളുടെ നേതൃത്വത്തിലുള്ള അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുത്തിരുന്നു.
ലിനിയ്ക്ക് ആദരമറിയിച്ച് കേരളം ഒന്നാകെ രംഗത്തെത്തുകയായിരുന്നു. നേരത്തെ ലോകാരോഗ്യ സംഘടനയും ലിനിക്ക് ആദരമര്‍പ്പിച്ചിരുന്നു.