തൃശ്ശൂർ: ബെംഗളൂരുവിൽ നഴ്സായ ആൻലിയായുടെ മൃതദേഹം ആലുവയിൽ പെരിയാറിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ജസ്റ്റിൻ കീഴടങ്ങി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് ജസ്റ്റിന്റെ കീഴടങ്ങൽ. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവയാണ് ജസ്റ്റിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

സംഭവം നടന്ന് നാല് മാസത്തിന് ശേഷമാണ് ജസ്റ്റിൻ ചാവക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ കീഴടങ്ങിയത്. ഇയാളെ കോടതി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ക്രൈംബ്രാഞ്ച് സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ഓഗസ്റ്റ് 25 ന് തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ വച്ചാണ് ആൻലിയായെ കാണാതായത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം മൃതദേഹം ആലുവയിൽ പെരിയാറിന്റെ തീരത്ത് കണ്ടെത്തി. സംഭവത്തിൽ ആൻലിയായുടെ പിതാവ് ഫോർട്ടുകൊച്ചി സ്വദേശി ഹൈജിനാസ് കൊലപാതക കുറ്റമാണ് ജസ്റ്റിനെതിരെ ആരോപിച്ചത്. തൃശ്ശൂർ പൊലീസ് കമ്മിഷണർക്ക് ഇദ്ദേഹം പരാതിയും നൽകി.

അന്വേഷണത്തിൽ ആൻലിയായുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ജസ്റ്റിനെതിരെ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റം എന്നിവ ചുമത്തി പൊലീസ് കേസെടുത്തു. ജസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. ജസ്റ്റിൻ ഒളിവിലാണെന്ന വാദമാണ് പൊലീസ് ഉയർത്തിയത്.

കേസ് ഇഴഞ്ഞുനീങ്ങിയതിനെ തുടർന്ന് ഹൈജിനാസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം എന്നാവശ്യപ്പെട്ടു. പരാതിക്കാരൻ മുഖ്യമന്ത്രിയെ സമീപിക്കുകയും ചെയ്തു. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് മകളുടെ മരണത്തിന്റെ ഉത്തരവാദികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഹൈജിനാസ് പൊരാട്ടം തുടരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.