കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധർ രൂപത. അഡ്മിനിസ്ട്രേറ്റർ ആഗ്നലോ ഗ്രേഷ്യസിന്റെ ഇടപെടൽ അസ്വാഭാവികമാണെന്നും രൂപതയുടെ പത്രക്കുറിപ്പിൽ പറഞ്ഞു.

സന്യാസിനി സമൂഹത്തിന്റെ കാര്യങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ഇടപെടാറില്ലെന്നാണ് രൂപതയുടെ പത്രക്കുറിപ്പിൽ പറയുന്നത്. കന്യാസ്ത്രീകളെ അവരവരുടെ മഠത്തിലേക്ക് തിരികെ വിളിക്കുകയാണ് ചെയ്തതെന്നും അല്ലാതെ സ്ഥലംമാറ്റമല്ലെന്നും പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു. അനുവാദമില്ലാതെയാണ് കന്യാസ്ത്രീകൾ കുറവിലങ്ങാട്ടേക്ക് പോയതെന്നും രൂപത വ്യക്തമാക്കി.

കേസിന്റെ നടപടികള്‍ തീരുംവരെ മഠത്തില്‍ നിന്നും പോകേണ്ടതില്ലെന്ന് ജലന്ധര്‍ രൂപതയുടെ അഡ്മിനിസ്ട്രേറ്ററാണ് കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയെന്ന് അറിയിച്ചത്. കോട്ടയത്ത് സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സിസ്റ്റര്‍ അനുപമയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം കൺവെൻഷൻ നടക്കുന്ന വേദിക്ക് സമീപം പ്രതിഷേധം ഉണ്ടായി. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിക്കുന്ന ഒരു സംഘം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്.

കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പായി തുടരാന്‍ അനുവദിക്കരുത് എന്നീ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. കന്യാസ്ത്രീകളും വൈദികരും അടക്കം നിരവധി പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

പീഡനത്തിനിരയായ കന്യാസ്ത്രീക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷിപറയുകയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുകയും ചെയ്ത കന്യാസ്ത്രീകളെ വെവ്വേറെ സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. സിസ്റ്റര്‍ ആല്‍ഫി പള്ളാശേരില്‍, സിസ്റ്റര്‍ അനുപമ കേളമംഗലത്തുവെളിയില്‍, സിസ്റ്റര്‍ ജോസഫൈന്‍ വില്ലൂന്നിക്കല്‍, സിസ്റ്റര്‍ അനിറ്റ ഉറുമ്പില്‍ എന്നിവരോടാണ് കുറവിലങ്ങാട് മഠത്തില്‍ നിന്നു മാറാന്‍ ആവശ്യപ്പെട്ടത്

പഞ്ചാബ്, ബിഹാര്‍, കണ്ണൂര്‍ എണ്ണിടങ്ങളിലേക്കാണ് ഇവര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് പ്രതികാര നടപടിയാണെന്നും തങ്ങള്‍ പോകില്ലെന്നും ഇവിടെ തന്നെ നില്‍ക്കുമെന്നും നേരത്തേ തന്നെ ഇവര്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയായ കന്യസ്ത്രീയെ ഒറ്റപ്പെടുത്താനും കേസ് അട്ടിമറിക്കാനുമുള്ള നീക്കമാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ ഉത്തരവിനു പിന്നിലെന്നും സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ