കൊച്ചി: ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് വീണ്ടും സമരത്തിനൊരുങ്ങി കന്യാസ്ത്രീകൾ. ഏപ്രിൽ ആറിന് സമരപ്രഖ്യാപന കൺവെൻഷൻ നടത്തി അനിശ്ചിതകാല സമരത്തിനിറങ്ങാനാണ് തീരുമാനം. ഇന്ന് ചേർന്ന ആക്ഷൻ കൗൻസിൽ യോഗത്തിലാണ് കന്യാസ്ത്രീകൾ സമരത്തിനിറങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായത്.
നേരത്തെ കോട്ടയം എസ്പിയെ കണ്ട് കേസിൽ കുറ്റപത്രം വൈകുന്നതിൽ കന്യാസ്ത്രീകൾ പ്രതിഷേധം അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാമെന്നാണ് കൂടിക്കാഴ്ചയിൽ എസ്പി ഉറപ്പുനൽകിയത്. എന്നാൽ അതിന് ശേഷം രണ്ടാഴ്ച പിന്നിട്ട ശേഷവും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരരംഗത്തേക്കിറങ്ങാൻ കന്യാസ്ത്രീകൾ തീരുമാനിച്ചിരിക്കുന്നത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 21 നാണ് ജലന്തർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. എന്നാൽ അറസ്റ്റു ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെയാണ് കന്യാസ്ത്രീകൾ പ്രതിഷേധത്തിനൊരുങ്ങുന്നത്.