കൊച്ചി: ലൈംഗിക പീഡന കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിന്. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിരാഹാരം.  നാളെ മുതൽ കേരള ഹൈക്കോടതി ജങ്ഷനിലെ സമരപ്പന്തലിൽ അവർ സമരം തുടങ്ങും.

കത്തോലിക്ക സഭയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് കൂടി ആരോപിച്ചാണ് അവർ നിരാഹാരത്തിന് ഒരുങ്ങുന്നത്. സഭാനേതൃത്വത്തിൽ പലരുടെയും നിസംഗതയും വിമർശനവും ഏറെ വേദനിപ്പിക്കുന്നതായാണ് കുടുംബം വിശദീകരിച്ചിരിക്കുന്നത്.

കൊച്ചിയിൽ നിരാഹാരം അനുഷ്ഠിച്ചുവന്ന സെബാസ്റ്റ്യനെ ഇന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ജലന്ധർ രൂപതയുടെ ഭരണചുമതല ബിഷപ് ഫ്രാങ്കോ താത്കാലികമായി മറ്റുളളവർക്ക് കൈമാറിയിട്ടുണ്ട്. അറസ്റ്റുണ്ടാകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ നിലപാടിലാണ് സമരക്കാർ.

സമരം നാളെ പത്താം ദിവസത്തിലേക്ക് കടക്കും. ഓരോ ദിവസവും സമരത്തിന്റെ ശക്തിയും ജനപിന്തുണയും വർദ്ധിക്കുന്നുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുംവരെ അനിശ്ചിതകാല നിരാഹാരസമരം തുടരുമെന്നു കന്യാസ്ത്രീകൾ വ്യക്തമാക്കി.

സമരത്തിൽ വത്തിക്കാൻ ഇടപെട്ട് നീതി നടപ്പാക്കണമെന്നു ഫാ. പോൾ തേലക്കാട്ട് പറഞ്ഞു. സഭയിൽ അധികാരത്തിന്റെ രോഗലക്ഷണങ്ങൾ ഉണ്ടെന്നും അതിനു പരിഹാരം കണ്ടേ മതിയാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ