കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കത്തോലിക്ക സഭ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ മൂലമാണെന്ന് അന്വേഷണ സംഘം. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്.
ഇതുവരെയുളള അന്വേഷണത്തിന്റെ എല്ലാ പുരോഗതിയും ഉൾപ്പെടുത്തിയുളള സത്യവാങ്മൂലമാണ് സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും പ്രതിയായ ജലന്ധർ ബിഷപ്പിന്റെയും സാക്ഷികളായ മറ്റുളളവരുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് വിശദീകരിച്ചിരിക്കുന്നത്.
അതേസമയം, പരാതിക്കാരിയായ കന്യാസ്ത്രീക്കും ജലന്ധർ ബിഷപ്പിനെതിരെ മൊഴി നൽകിയ മറ്റ് കന്യാസ്ത്രീകൾക്കും ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുളളതായി പൊലീസ് കോടതിയെ അറിയിച്ചു. ഇതിന് പുറമെ കുറവിലങ്ങാട് മഠത്തിലേക്കുളള എല്ലാ ഫോൺകോളുകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും കോട്ടയം ഡിവൈഎസ്‌പി എസ്.സുഭാഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 13 നാണ് അന്വേഷണ സംഘം ഇതിന് മുൻപ് സത്യവാങ്മൂലം കേരള ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഇതിൽ ജലന്ധർ ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ എന്തുകൊണ്ടാണ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചിരുന്നു. ഇതിനുളള മറുപടിയായാണ് ഇപ്പോൾ കേസിന്റെ ഇതുവരെയുളള അന്വേഷണ പുരോഗതി ഉൾപ്പെടുത്തിക്കൊണ്ട് പുതിയ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.