കൊച്ചി: വിവാദമായ കന്യാസ്ത്രീ പീഡനക്കേസിൽ പ്രതിസ്ഥാനത്തുളള ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനോട് 19 ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ഐജി വിജയ് സാഖറെ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കത്തോലിക്ക സഭ ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഹൈക്കോടതി പരിസരത്ത് കന്യാസ്ത്രീകൾ അഞ്ച് ദിവസമായി സമരം നടത്തിവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസിൽ നടപടികൾ വേഗത്തിലാക്കാനുളള തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.

അന്വേഷണം ഇഴഞ്ഞ് നീങ്ങിയതല്ലെന്ന് വിശദീകരിച്ച ഐജി വിജയ് സാഖറെ, വൈരുദ്ധ്യങ്ങളുടെ ആനുകൂല്യം ഫ്രാങ്കോ മുളയ്ക്കലിന് ലഭിക്കാതിരിക്കാനാണ് അറസ്റ്റ് പോലുളള നടപടികളിലേക്ക് കടക്കാതിരുന്നത്. “വളരെ പഴയ കേസാണിത്. ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകൾ ശേഖരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. അത് മാത്രമല്ല, പരാതിക്കാരിയുടെയും സാക്ഷികളുടെയും പ്രതിയായ ബിഷപ്പിന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്താൽ അത് പ്രതിക്ക് സഹായകരമാകും. പരാതിക്കാരിക്ക് നീതി ലഭ്യമാക്കാനാണ് പൊലീസ് ഇടപെടുന്നത്,” ഐജി പറഞ്ഞു.

“കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. ഓരോ ദിവസവും കേസിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്. ഓരോ ദിവസവും അന്വേഷണത്തിന്റെ പുരോഗതി കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടും ഡിവൈഎസ്‌പിയും ചേർന്ന് വിലയിരുത്തുന്നുണ്ട്. ആഴ്ചയിലൊരിക്കൽ ഞാനും അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

ഈ മാസം 19 ന് ഹാജരാകാനാണ് ബിഷപ്പിന് നോട്ടീസ് നൽകുക. എന്നാൽ അറസ്റ്റ് നടപടികളിലേക്ക് കടക്കുമോയെന്നുളളത് ഇപ്പോൾ പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. “കോട്ടയത്ത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി പ്രതിയെ ചോദ്യം ചെയ്യും. മറ്റ് നടപടികൾ ഇതിന് ശേഷമേ ഉണ്ടാകൂ,” വിജയ് സാഖറെ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ